അച്ഛനൊപ്പം തുടക്കം; ഒടുവിൽ കഥകളി വേദിയിൽ നിറഞ്ഞു
1582385
Friday, August 8, 2025 11:31 PM IST
നൗഷാദ് മാങ്കാംകുഴി
കായംകുളം: അരനൂറ്റാണ്ടുകാലം വേഷപ്പകർച്ചയോടെ അരങ്ങിൽ നിറഞ്ഞാടിയ അച്ഛനൊപ്പം കഥകളി വേദികളിലെത്തി പിന്നീട് ചെണ്ടവാദ്യത്തിൽ പെരുമ നേടിയ കലാകാരനാണ് ഇന്നലെ അന്തരിച്ച ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി. 1951 ജനുവരി 20 നാണ് പ്രശസ്ത കഥകളി നടനായിരുന്ന മാങ്കുളം വിഷ്ണു നമ്പൂതിരിയുടെയും സരസ്വതി അന്തർജനത്തിന്റെയും മകനായിട്ടാണ് വിഷ്ണു നമ്പൂതിരി ജനിച്ചത്.
കായംകുളം കണ്ടല്ലൂർ പുതിയവിള യു.പി സ്കൂൾ, എൻ.ആർ.പി.എം ഹൈസ്കൂൾ, മാവേലിക്കര ബിഷപ്പ്മൂർ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ആലപ്പുഴ എസ്ഡി കോളജിൽനിന്ന് സുവോളജിയിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. പിന്നീട് ബയോ കെമ സ്ട്രിയിൽ ഡോക്ടറേറ്റ് നേടി.
അച്ഛനോടൊപ്പം കുട്ടിക്കാലം മുതൽ തന്നെ കഥകളി വേദികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു വിഷ്ണു നമ്പൂതിരി. വാരണാസി മാധവൻ നമ്പൂതിരി, കലാമണ്ഡലം കേശവൻ എന്നിവരായിരുന്നു ഗുരുനാഥൻമാർ. ഇന്ത്യക്കകത്തും വിദേശത്തും ധാരാളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.പ്രശസ്തരും പ്രഗത്ഭരുമായ കഥകളി രംഗത്തെ കലാകാരൻമാരും ഒരുമിച്ച് രണ്ടായിരത്തിൽ അധികം വേദികളിൽ പങ്കെടുത്തിട്ടുണ്ട്.
അച്ഛന്റെ വഴിയേ
കഥകളിയുടെ പ്രശസ്തി രാജ്യത്തിനപ്പുറത്തേക്കു എത്തിക്കുന്നതിൽ മാങ്കുളം കലാകാരന്മാർ വലിയ പങ്കുവഹിച്ചു. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങൾക്കൊപ്പം അമേരിക്ക, ബ്രിട്ടൻ, ഇസ്രയേല്‍, സിംഗപ്പുര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ പര്യടനം നടത്താനും കഥകളി സംഘങ്ങളിലെ മുഖ്യനടനെന്ന നിലയില്‍ ബഹുമതികള്‍ നേടാനും അച്ഛൻ മാങ്കുളം വിഷ്ണു മ്പൂതിരിക്കു ഭാഗ്യം ലഭിച്ചിരുന്നു. ഭാരതത്തിലെ പ്രമുഖ കലാകേന്ദ്രങ്ങളില്നിന്നു ലഭിച്ചിട്ടുള്ള ബഹുമതികളും ഒട്ടും കുറവല്ല.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്വര്‍ണമെഡല്‍ നൽകി ആദരിച്ചു. കൂടാതെ ഇന്ദിരാഗാന്ധി, എസ്.കെ .പാട്ടീല്‍, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തുടങ്ങിയ പ്രമുഖ വ്യക്തികളും മാങ്കുളം വിഷ്ണു നമ്പൂതിരിക്കു പ്രശസ്തി പത്രം നൽകി ആദരിച്ചു. അച്ഛനു ലഭിച്ച ബഹുമതികളും അംഗീകാരങ്ങളും മകൻ കൃഷ്ണൻ നമ്പൂതിരിക്കു ചെണ്ടവാദ്യ കലാകാരനായി വളരാൻ പ്രചോദനമായി.