അമ്പിളിയെ തൂക്കാൻ കെട്ടിയ കെട്ട് സുനിലിനു കുരുക്കായി
1582393
Friday, August 8, 2025 11:31 PM IST
മാവേലിക്കര: നൂറനാട് അന്പിളി വധക്കേസിൽ പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തിയത് പോലീസ് ഹാജരാക്കിയ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. അമ്പിളിയെ കെട്ടിത്തൂക്കാൻ കഴുത്തിൽ കെട്ടിയ കെട്ട് സുനിലിനു കുരുക്കായെന്ന് അന്വേഷണോദ്യോഗസ്ഥനായിരുന്ന സിഐ ബിജു. ദൃക്സാക്ഷികളോ തെളിവുകളോ ഇല്ലാതിരുന്ന കേസിൽ സൂക്ഷ്മമായ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്.
അമ്പിളിയുമായി തർക്കമുണ്ടായ സുനിൽ അമ്പിളിയെ മർദിച്ചു ബോധംകെടുത്തിയ ശേഷം വീടിനുള്ളിലെ സ്റ്റെയർകേസിനു കീഴിൽ കെട്ടിത്തൂക്കുകയായിരുന്നു. കെട്ടിത്തൂക്കിയ ശേഷം വീടിനു സമീപത്തുള്ള കടയിൽ പോയി തിരികെയെത്തി മരണം ഉറപ്പിച്ചു. തുടർന്ന് സമീപവാസിയായ സ്ത്രീയോട് അമ്പിളി തൂങ്ങിയതായി പറഞ്ഞു.
തടി കെട്ടുന്ന രീതി
പ്രതി സമീപത്തുള്ളവരുടെ സഹായത്തോടെ അമ്പിളിയെ കെട്ടഴിച്ചിറക്കി അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അയൽവാസികൾ പറഞ്ഞതനുസരിച്ചു സ്ഥലത്തെത്തിയ പോലീസിനു പ്രത്യക്ഷത്തിൽ തെളിവുകൾ ഒന്നും ലഭിച്ചില്ല. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സംശയം പ്രകടിപ്പിച്ചതോടെ അന്വേഷണം ഊർജിതമാക്കി. ഡോക്ടർ നേരിട്ട് സംഭവസ്ഥലം പരിശോധിച്ചു.
തുടർന്നുള്ള പരിശോധനയിൽ അമ്പിളിയുടെ കഴുത്തിൽ കെട്ടിയ കെട്ട് സംശയം ജനിപ്പിച്ചു. തടി വലിക്കാൻ ഉപയോഗിക്കുന്ന വടം കെട്ടിവയ്ക്കുന്ന കയറായിരുന്നു കഴുത്തിൽ കെട്ടിയത്. സാധാരണ ആത്മഹത്യ ചെയ്യാൻ ആളുകൾ ചെയ്യുന്ന രീതിയിൽ ആയിരുന്നില്ല കെട്ട്. മരം മുറിക്കാരനായ സുനിൽ തടി കെട്ടുന്ന രീതിയിലായിരുന്നു അമ്പിളിയുടെ കഴുത്തിൽ കയർ കെട്ടിയത്. ഈ കെട്ടാണ് പ്രതിയിലേക്കു നയിച്ച പ്രധാന തെളിവ്.
മൊഴിയിലുറച്ച്
പ്രധാന സാക്ഷികൾ
സുനിൽ വീടിനുള്ളിലേക്കു കയറി കതകടയ്ക്കുന്നത് അയൽവാസി കണ്ടിരുന്നു. ഇയാൾ ആ സമയം ചാണകം വാരുകയായിരുന്നു. ഇയാളും പ്രധാന സാക്ഷികളിൽ ഒരാളായി.
ഒളിവിൽപോയ രണ്ടാം പ്രതി ശ്രീലതയെ ഏതാനും ദിവസങ്ങൾക്കുശേഷം തെക്കേക്കര പഞ്ചായത്തിലെ പല്ലാരിമംഗലത്തെ ബന്ധുവീട്ടിൽനിന്നു പിടികൂടി. സാക്ഷികളിൽ പലരും കൂറുമാറിയെങ്കിലും പ്രധാന സാക്ഷികളുടെ ശക്തമായ മൊഴി പ്രതികൾ കുറ്റക്കാരാണെനനു കണ്ടെത്തുന്നതിലേക്കു നയിച്ചെന്നും ബിജു പറഞ്ഞു.
നിലവിൽ കരുനാഗപ്പള്ളി സിഐയായ ബിജു സംഭവം നടക്കുമ്പോൾ നൂറനാട് എസ്ഐ ആയിരുന്നു. അന്നു മാവേലിക്കര സിഐ ആയിരുന്ന പി. ശ്രീകുമാറിനായിരുന്നു അന്വേഷണച്ചുമതല. പിന്നീട് ബിജു അന്വേഷണച്ചുമതല ഏറ്റടുത്തു.