വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതില്‍ പ്രതിഷേധിച്ചു
1582395
Friday, August 8, 2025 11:31 PM IST
ആലപ്പുഴ: വൈദികരെയും കന്യാസ്ത്രികളെയും ആക്രമിച്ചതില്‍ ആലപ്പുഴ രൂപതാധ്യക്ഷന്‍ പ്രതിഷേധിച്ചു. ഒഡീഷയിലെ ജലേശ്വര് സെന്റ് തോമസ് ഇടവക വികാരി ഫാ. ലിജോ ജോര്‍ജ് നിരപ്പേലിനെയും ജോഡ ഇടവക വികാരി ഫാ. ജോജോയെയും സിസ്റ്റര്‍ എലേസാ, സിസ്റ്റര്‍ മോളി എന്നിവരെയും ഹിന്ദു തീവ്രവാദ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് ഉപദ്രവിച്ചത് നിയമവിരുദ്ധവും ഭരണഘനാ വിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണെന്ന് ബിഷപ് പറഞ്ഞു.
സിസ്റ്റേഴ്സ് രണ്ടുപേരും ആലപ്പുഴ രൂപതയിലെ വിസിറ്റേഷന്‍ സഭാംഗങ്ങളാണ്. ഗ്രാമത്തില്‍ ക്രൈസ്തവരായ പരേതരുടെ ആത്മശാന്തിക്കായി കുര്ബാനയ്ക്കെത്തിയവരാണ് വൈദികരും സിസ്റ്റേഴ്സും. തിരുക്കര്‍മങ്ങള്‍ക്കുശേഷം തിരിച്ചുപോകുംവഴി എഴുപതോളംപേര്‍ കൂട്ടമായി വഴി തടയുകയും അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു.
അച്ചന്മാരുടെയും കന്യാസ്ത്രികളുടെയും കൈയിലുണ്ടായിരുന്ന വിശുദ്ധഗ്രന്ഥങ്ങള്‍ വാങ്ങി പുഴയിലെറിഞ്ഞത് ഹൃദയവേദനയോടെയാണു കേട്ടത്. ഇപ്പോള്‍ ഇവിടെ ഞങ്ങളാണു ഭരിക്കുന്നതെന്നും ക്രിസ്ത്യാനികള്‍ രാജ്യം വിടണമെന്നും ആക്രോശിക്കുന്നുണ്ടായിരുന്നു.
ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ കഴിഞ്ഞ മാസം 25-ന് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ രണ്ടു മലയാളി കന്യാസത്രികളെ തടഞ്ഞുവച്ചതും അധിക്ഷേപിച്ചതും 9 ദിവസത്തോളം ജയിലിലടച്ചതും ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്. ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിനും മഹോന്നതമായ ദാര്‍ശനിക പൈതൃകത്തിനും കളങ്കം ചാര്‍ത്തുന്നതാണ് ഇത്തരം നടപടികള്‍. ഭരണഘടനയിലെ 25-ാം വകുപ്പു പ്രകാരം നല്കപ്പെട്ടിരിക്കുന്ന മതസ്വാന്ത്യത്തിന്മേലുള്ള കടന്നുകയറ്റമാണ്.
കുറ്റക്കാര്‍ക്കെതിരേ കേസെടുക്കുകയും മേലില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി എടുക്കുകയും ചെയ്യണമെന്ന് ബിഷപ് ആവശ്യപ്പെട്ടതായി രൂപത പിആര്‍ഒ ഫാ. സേവ്യര്‍ കുടിയാംശേരി പറഞ്ഞു.