അനുസ്മരണ സമ്മേളനവും സുവർണ മുദ്രാ സമർപ്പണവും
1582389
Friday, August 8, 2025 11:31 PM IST
അമ്പലപ്പുഴ: കലാരത്നം അമ്പലപ്പുഴ പരമേശ്വരക്കുറുപ്പ് 11-ാമത് അനുസ്മരണ സമ്മേളനവും ഏഴാമത് സുവർണ മുദ്രാ സമർപ്പണവും നാളെ നടക്കും. പ്രശസ്ത പഞ്ചവാദ്യ കലാകാരൻ മായന്നൂർ രാജുവിന് ഈ വർഷത്തെ ക്ഷേത്രവാദ്യ കലാരത്ന പുരസ്കാരം നൽകുമെന്ന് വാദ്യകലാസമിതി പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ, പി. ഗോപകുമാർ, പി. വിജയകുമാർ, സെക്രട്ടറി എസ്. മനോജ് എന്നിവർ പറഞ്ഞു. നാളെ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഹാളിൽ കേളി എന്ന പേരിൽ കലാവിരുന്ന് നടക്കും.
മൂന്നിന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാരദാന സമർപ്പണവും കെ.സി. വേണുഗോപാൽ എംപി നിർവഹിക്കും. പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. എച്ച്. സലാം എംഎൽഎ കീർത്തിപത്ര സമർപ്പണവും തൃശൂർ പൂരത്തിൽ തിരുവമ്പാടി മഠത്തിൽ വരവ് പഞ്ചവാദ്യ അമരക്കാരൻ കോങ്ങാട് മധു സുവർണമുദ്ര സമർപ്പണവും നിർവഹിക്കും.
ബ്രഹ്മശ്രീ കടിയക്കോൽ വാസുദേവൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. പുരസ്കാര ജേതാവിനെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ പൊന്നാടയും അമ്പലപ്പുഴ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ. അജിത് കുമാർ പുഷ്പഹാരവും അണിയിക്കും. അഷ്ടപദി ആചാര്യൻ രതീഷ് ബാബുജി, സംഗീതാധ്യാപകൻ തകഴി വിജയൻ, നാടകാചാര്യൻ അയോധ്യാ ശിവൻ, കൊമ്പ് കലാകരൻ രാജേഷ് പാതിരപ്പള്ളി, താളം കലാകാരൻ അനിൽകുമാർ തിരുവമ്പാടി എന്നിവരെ ചടങ്ങിൽ ആദരിക്കും.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കലാകാരന്മാരെയും സംസ്ഥാന കലോത്സവത്തിൽ പഞ്ചവാദ്യം എ ഗ്രേഡ് നേടിയ കലാകാരന്മാരെയും ചടങ്ങിൽ അനുമോദിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.