വിദ്യാർഥികൾ സംരംഭകരായി, അധ്യാപകർ കസ്റ്റമറും
1582386
Friday, August 8, 2025 11:31 PM IST
മാന്നാർ: വിദ്യാർഥികളിൽ സംരംഭകത്വശീലം വളർത്തിയെടുത്ത് "ഉത്തമ സംരംഭകൻ എങ്ങനെയാകാം' എന്ന ബാലപാഠമായിരുന്നു പരുമല ദേവസ്വം ബോർഡ് പമ്പ കോളജിൽ ഒരുക്കിയ പമ്പ ബിസ് ജംഗ്ഷൻ. പമ്പാ കോളജിലെ പിജി ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലാണ് കോളജ് ഓഡിറ്റോറിയത്തിൽ പമ്പ ബിസ് ജംഗ്ഷൻ സംഘടിപ്പിച്ചത്. ഓരോ വിദ്യാർഥിയും ഓരോ സംരംഭകരായി മാറുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മാന്നാറിലെ പ്രമുഖ സംരംഭകനും മാജാ സൂപ്പർ മാർക്കറ്റ് ഉടമയുമായ ഹാജി പി.എ. ഷാജഹാൻ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. എസ്. സുരേഷ് അധ്യക്ഷത വഹിച്ചു.
കുട്ടികൾ നിർമിച്ച ഭക്ഷ്യ, കാർഷിക, കര-കൗശല വസ്തുക്കളുടെ പ്രദർശനം, വിപണനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പമ്പ ബിസ് ജംഗ്ഷനിൽ വിദ്യാർഥികൾ നിർമിച്ച വിവിധയിനം അച്ചാറുകൾ, നാടൻ വിഭവങ്ങൾ, കര-കൗശല വസ്തുക്കൾ തുടങ്ങിയവ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി.
കുട്ടികൾ നിർമിച്ച ഉത്പന്നങ്ങൾ പൊതു ബ്രാൻഡിന്റെ കിഴീൽ കൊണ്ടുവന്നാൽ പുത്തൻ വിപണി കണ്ടെത്താൻ കഴിയുമെന്നും കുട്ടികളുടെ വിപണിയിലെ ഉത്പന്നങ്ങൾ ഗുണമേന്മയിലും രുചിയിലും മുന്നിട്ട് നിൽക്കുന്നതായും പ്രിൻസിപ്പൽ ഡോ. സുരേഷ് പറഞ്ഞു. വകുപ്പ് മേധാവി ഡോ. പ്രീത എസ്. പിള്ള, കോ-ഓർഡിനേറ്റർമാരായ ഡോ. പി.എം. വിഷ്ണു, അശ്വിനി ജോൺ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ മാർക്കറ്റ് എല്ലാ മാസവും രണ്ടാമത്തെ എല്ലാ വെള്ളിയാഴ്ചകളിലും ഇനിയും പമ്പാ കോളജിൽ ഉണ്ടാകുമെന്ന് കോ-ഓർഡിനേറ്റേഴ്സ് പറഞ്ഞു.
പരിപാടിക്കു കോമേഴ്സ് വിഭാഗം അധ്യാപകരായ കെ.എസ്. സിന്ധു, ഡോ. വി.എൻ. ഷൈനി, ഡോ. എസ്.പി. അശ്വിനി, ഡി.വി. വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി. മറ്റു ഡിപ്പാർട്ട്മെന്റിലെ അധ്യാപകരും വിദ്യാർ ഥികളും പരുപാടിക്കു വലിയ പിന്തുണ നൽകിയതോടെ പുതിയ സംരംഭകർ പമ്പാ കോളജിൽ പിറവിയെടുത്തു.