ബിജെപി സർക്കാർ ചരിത്രത്തെ തമസ്കരിക്കുന്നു: എ.എ. ഷുക്കൂർ
1582387
Friday, August 8, 2025 11:31 PM IST
അമ്പലപ്പുഴ: ബിജെപി സർക്കാർ ചരിത്രത്തെ തമസ്കരിക്കുന്നുവെന്ന് എ.എ. ഷുക്കൂർ. ജനങ്ങൾ അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ സ്വാതന്ത്ര്യസമര ചരിത്രം ഉൾപ്പെടെയുള്ള ഭാരത ചരിത്രത്തെ മനപ്പൂർവം തമസ്കരിക്കുകയാണെന്നും തങ്ങൾക്ക് അനുകൂലമായ ചരിത്രം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപിയെന്നും കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ പറഞ്ഞു. സർവോദയ ഗാന്ധി മാർഗ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യാ സമര ഓർമയാചരണ സംഗമം ആലപ്പുഴ തൊണ്ടംകുളങ്ങര ഗാന്ധിയൻ ദർശനവേദി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്വിറ്റിന്ത്യാദിന ഓർമ സംഗമത്തിൽ ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. സബർമതി ട്രസ്റ്റ് ചെയർമാൻ ജോസഫ് മാരാരിക്കുളം മുഖ്യപ്രഭാഷണം നടത്തി.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ്, സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് എം.ഇ. ഉത്തമക്കുറുപ്പ്, ജില്ലാ സെക്രട്ടറി രാജു പള്ളിപ്പറമ്പിൽ, സംസ്ഥാന സമിതി അംഗം എം.ഡി. സലീം, ചലച്ചിത്ര നടൻ പുന്നപ്ര അപ്പച്ചൻ, കെ. ലാൽജി, കേരള വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബീന റസാക്ക്, സെക്രട്ടറി ലൈസമ്മാ ബേബി, എൻ. സദാശിവൻ നായർ, ഇ. ഖാലിദ്, തോമസ് കുര്യൻ, എ. ഷൗക്കത്ത്, തോമസ് വാഴപ്പള്ളികളം, എം.പി. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.