നിര്‍മാണച്ചെലവ് 2.47 കോടി: എക്സൈസ് ഓഫീസിന് പുതിയ കെട്ടിട സമുച്ചയം
1582384
Friday, August 8, 2025 11:31 PM IST
മാവേലിക്കര: 2.47 കോടി ചെലവിട്ട് മാവേലിക്കര എക്സൈസ് റേഞ്ച് സർക്കിൾ ഓഫീസുകൾക്കായി തഴക്കര പഞ്ചായത്തിലെ വഴുവാടിയിൽ ഒന്നാംഘട്ടം നിർമാണം പൂർത്തീകരിച്ച പുതിയ മന്ദിരം 12-ന് മൂന്നിനു തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. എം.എസ്. അരുൺകുമാർ എംഎൽഎ അധ്യക്ഷനാകും.
സ്വന്തമായി കെട്ടിടമില്ലാതിരുന്ന മാവേലിക്കര എക്സൈസിന് വഴുവാടിയില്‍, മാവേലിക്കര-കരയംവട്ടം-പുലിയൂര് റോഡരികില്‍ മൂന്നു പതിറ്റാണ്ട് മുമ്പ് അടച്ചുപൂട്ടിയ വഴുവാടി ബോയ്സ് എല്‍പി സ്കൂള്‍ നിന്നിരുന്ന 30 സെന്റ് ഭൂമിയിലാണ് ഇരുനില മന്ദിരം ഉയരുന്നത്. എക്സൈസ് സിഐ ഓഫീസും റേഞ്ച് ഓഫീസും ഉള്‍പ്പെടുന്ന കെട്ടിടസമുച്ചയമാണ് നിര്‍മിക്കുന്നത്.
മാവേലിക്കര ബോയ്സ് ഹൈസ്കൂളിന്റെ തെക്കുഭാഗത്തായിരുന്ന എക്സൈസ് ഓഫീസ് കാലപ്പഴക്കം ചെന്നപ്പോള്‍ 27 വര്‍ഷങ്ങള്‍ക്കു മുമ്പ് ബുദ്ധജംഗ്ഷനു കിഴക്കുഭാഗത്തെ 78-ാം നമ്പര്‍ എന്‍എസ്എസ് കരയോഗംവക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. നിലവില്‍ എക്സൈസ് റേഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് 152 വര്‍ഷത്തെ പഴക്കമുണ്ട്. തട്ടാരമ്പലത്തില്‍ സ്വകാര്യ കെട്ടിടത്തിലാണ് സിഐ ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നത്.
രണ്ട് ഓഫീസുകള്‍ക്കുംകൂടി സ്വന്തമായി സ്ഥലവും കെട്ടിടവും വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പാര്‍ക്കിംഗ് ഏരിയ, തൊണ്ടിമുറി, കാത്തിരിപ്പുകേന്ദ്രം, ബാത്ത്റൂം സൗകര്യമുള്ള ഡ്യൂട്ടി റൂം, സ്വീകരണ മുറി എന്നിവയും ബാത്ത് റൂം സൗകര്യമുള്ള എക്സൈസ് ഇന്‍സ്പെക്ടര്‍ ഓഫീസും വിശ്രമമുറിയും സജ്ജീകരിക്കും.
ഒന്നാം നിലയില്‍ ഓഫീസ് ഏരിയ, സ്റ്റോര്‍റൂം, സെല്‍, ബാത്ത്റൂം സൗകര്യമുള്ള പുരുഷ-വനിതാ വിശ്രമമുറികള്‍ എന്നിവയും ബാത്ത് റൂം സൗകര്യമുള്ള അസി. എക്സൈസ് ഇന്‍സ്പെക്ടർ ഓഫീസും വിശ്രമമമുറിയും ഉണ്ടാവും. കെട്ടിട സമുച്ചയം എം.എസ്. അരുൺകുമാർ എംഎൽഎ സന്ദർശിച്ചു.