ദേവാലയങ്ങൾക്കെതിരേയുള്ള നീക്കത്തില്‍നിന്ന് പിന്തിരിയണം: അല്മായ മുന്നേറ്റം
1582390
Friday, August 8, 2025 11:31 PM IST
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ ജനാഭിമുഖ കുർബാന ഒഴിവാക്കി ഏകീകൃത കുർബാന അർപ്പിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി ചേർത്തല മുൻസിഫ് കോടതി തള്ളിയ സാഹചര്യത്തിൽ താലൂക്കിലെ മറ്റു ക്രൈസ്തവ ദേവാലയങ്ങൾക്കെതിരേ ഇതേ ആവശ്യമുന്നയിച്ച് നടത്തുന്ന ഗൂഢനീക്കത്തിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് അല്മായ മുന്നേറ്റം ചേർത്തല ഫൊറോനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
എംടിഎൻഎസ് സംഘടന ബോധപൂർവം രംഗത്തിറക്കിയിട്ടുള്ളവരാണ് സിവിൽ കേസുകളിലുടെ ദേവാലയങ്ങളിലെ സമാധാനാന്തരീക്ഷം തകർക്കുന്നതെന്ന് ഫൊറോനാ സെക്രട്ടറി ജോസഫ് ആന്റണി, മറ്റു ഭാരവാഹികളായ ടി.കെ. തോമസ്, ടി.ജെ. വർഗീസ്, സേവ്യർ പഞ്ഞിക്കാരൻ, ജിജോ തോമസ് എന്നിവർ പറഞ്ഞു.
തർക്കപരിഹാരത്തിനായി എറണാകുളം-അങ്കമാലി അതിരൂപത നേതൃത്വം ഉണ്ടാക്കിയ സമാധാന ഉടമ്പടിയുടെ ഭാഗമായി ദേവാലയങ്ങളിൽ ജനാഭിമുഖ കുർബാനയ്ക്കൊപ്പം ഏകീകൃത കുർബാനയും അർപ്പിച്ച് തുടങ്ങിയിട്ടും നിയമനടപടികളുമായി നീങ്ങുന്നത് അപലപനീയമാണെന്നും നെടുമ്പ്രക്കാട് സെന്റ് തോമസ് ദേവാലയം അടഞ്ഞു കിടക്കുന്നത് ചിലരുടെ പിടിവാശി മൂലമാണെന്നും വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികൾ തിരുത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും അവർ പറഞ്ഞു.
സിനഡ് കുർബാന: ഹർജി കോടതി തള്ളി
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ സിനഡ് കുർബാന മാത്രം അർപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടവകാംഗം നല്കിയ ഹർജി കോടതി തള്ളി. ചേർത്തല പ്രിൻസിപ്പൽ മുൻസിഫ് റോവിൻ റോഡ്രിഗ്സാണ് ഹർജി തള്ളി ഉത്തരവിട്ടത്. ജനാഭിമുഖ കുർബാന അർപ്പിക്കുന്നതിന് നിയമപരമായ പരിരക്ഷ വിധിയിലൂടെ ലഭിച്ചു.
വികാരി, ഇടവക, സംഘടനകൾ എന്നിവർക്കുവേണ്ടി അഭിഭാഷകരായ എം.എം. സാലിച്ചൻ, എൻ.എ. ഷെഫീക്, തോമസ് പാണാട്ട്, ജേക്കബ് ടോംലിൻ എന്നിവർ ഹാജരായി.