കൂട്ടില്കെട്ടിയിരുന്ന ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു
1337883
Saturday, September 23, 2023 11:55 PM IST
വാകത്താനം: കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു. വാകത്താനം മരങ്ങാട് ഭാഗത്ത് ഇളേച്ചുപറമ്പില് അനിയന്റെ രണ്ട് ആടുകളെയാണ് അജ്ഞാത ജീവി കടിച്ചു
കൊന്നത്. ഇന്നലെ രാവിലെ ശരീരത്തില്‍ പരിക്കേറ്റു ചത്തനിലയില്‍ കാണപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി പതിനൊന്നിനുശേഷമാണ് ആക്രമണം നടന്നതെന്ന് അനിയന് പറയുന്നു. അജ്ഞാത ജീവിയുടേതെന്നു കരുതുന്ന കാല്‍പ്പാടുകള്‍ കൂടിനു സമീപത്ത് കാണാം. ആടുകളില്‍നിന്നും ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം കഴിഞ്ഞുവന്നിരുന്നത്. സംഭവത്തെത്തുടര്‍ന്ന് വാകത്താനം പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. മൃഗാശുപത്രി അധികൃതരെത്തി പരിശോധന നടത്തി.
വര്‍ഷങ്ങള്‍ക്കുമുന്‍പ് തൊട്ടടുത്ത പനച്ചിക്കാട് പഞ്ചായത്തിലെ പാത്താമുട്ടത്തും, വാകത്താനത്തിന്റെ വിവിധ പ്രദേശങ്ങളിലും നിരവധി ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നിരുന്നു. പാത്താമുട്ടത്ത് അന്ന് ഒരു വീട്ടിലെ ഏഴ് ആടുകളെയാണ് കൂട്ടില്‍ കൊന്നിട്ട നിലയില്‍ കണ്ടത്തിയത്. തുടര്‍ന്ന് വനംവകുപ്പ് സമീപത്ത് കെണിയൊരുക്കിയെങ്കിലും, അകപ്പെട്ടതു സമീപത്തെ വളര്‍ത്തുനായയാണ്.
ഇതോടെ കെണി വയ്ക്കല്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പകലും രാത്രിയിലും അജ്ഞാത ജീവിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ദിവസങ്ങള്‍ക്കകം നാട്ടുകാരുടെ മുന്നില്‍ അകപ്പെട്ട കാട്ടുപൂച്ചയെ തല്ലിക്കൊന്നതോടെയാണ് അജ്ഞാത ജീവിയുടെ ആക്രമണം ഒഴിവായത്.