വോട്ടർമാരെ പാട്ടിലാക്കി സ്ഥാനാർഥികൾ...
1416066
Friday, April 12, 2024 10:49 PM IST
ഫ്രാന്‍സിസ് ജോര്‍ജ് കടുത്തുരുത്തി മണ്ഡലത്തിൽ
കോട്ടയം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് ഇന്നലെ കടുത്തുരുത്തി മണ്ഡലത്തില്‍ പര്യടനം നടത്തി. ത്രിവര്‍ണ ബലൂണുകള്‍ കെട്ടിയ നിരവധി ഓട്ടോറിക്ഷകള്‍ പര്യടനത്തില്‍ പങ്കെടുത്തു.
കാണക്കാരി പഞ്ചായത്തിലെ കല്ലമ്പാറയില്നിന്നു തുടങ്ങിയ പര്യടനം, കിടങ്ങൂര്‍, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, വെളിയന്നൂര്‍ എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്ന് ആച്ചിക്കല്‍ സമാപിച്ചു. കോണ്‍ഗ്രസ് കടപ്പൂര് വാര്‍ഡ് പ്രസിഡന്റ് ജോയി വാഴവേലി കപ്പയും കതിരും നല്‍കിയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്.
പര്യടനം കാണക്കാരി പഞ്ചായത്തിലെ കല്ലമ്പാറയില്‍ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കടുത്തുരുത്തി നിയോജക മണ്ഡലം ചെയര്മാന് ലൂക്കോസ് മാക്കില്‍ അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് ഇന്നു പാലാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തും.
പിറവം മണ്ഡലത്തില്‍ പര്യടനവുമായി ചാഴികാടൻ
കോട്ടയം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന് ഇന്നലെ പിറവം മണ്ഡലത്തില്‍ വാഹന പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ കാര്‍ഷിക വിഭവങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്. ഇലഞ്ഞി പഞ്ചായത്തിലെ മടുക്കയില്‍ തുടങ്ങിയ പര്യടനം അന്ത്യാലിലാണ് സമാപിച്ചത്.
ഓണക്കൂര്‍ പള്ളിപ്പടിയില്നിന്നും പാമ്പാക്കുട പഞ്ചായത്തിലെ പര്യടനം ആരംഭിച്ചു. തൊടുവക്കുഴി, അഞ്ചല്‍പ്പെട്ടി, കൈനി, പാമ്പാക്കുട, നെയ്ത്തുശാലപ്പടി, പിറമാടം ഉള്‍പ്പെടെ 12 കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം തിരുമാറാടി പഞ്ചായത്തിലേക്ക് കടന്നു. നാവോളിമറ്റത്തു നിന്നാരംഭിച്ച് 13 സ്വീകരണ കേന്ദ്രങ്ങള്‍ പിന്നിട്ട് കാക്കൂര്‍ പര്യടനം സമാപിച്ചു.
തുടര്‍ന്ന് ഇടയാര്‍ ഓലക്കാടു നിന്നാണു കൂത്താട്ടുകുളം നഗരസഭയിലെ പര്യടനം ആരംഭിച്ചത്. ചെള്ളയ്ക്കപ്പടി, കാലിക്കറ്റ് കവല, മംഗലത്തുതാഴം, ചോരക്കുഴി തുടങ്ങിയിടങ്ങളിലൂടെയുള്ള പര്യടനം തളിക്കുന്നില്‍ സമാപിച്ചു. തോമസ് ചാഴികാടന് ഇന്നു പാലാ നിയോജക മണ്ഡലത്തില്‍ രണ്ടാംഘട്ട പര്യടനം നടത്തും. കൊഴുവനാല്‍, മുത്തോലി, ഭരണങ്ങാനം, കരൂര്‍, രാമപുരം പഞ്ചായത്തുകളിലാണു പര്യടനം.
തുഷാര്‍ വെള്ളാപ്പള്ളി വൈക്കം മണ്ഡലത്തില്‍
കോട്ടയം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ വൈക്കം മണ്ഡലത്തില്‍ പര്യടനം നടത്തി. ഗായിക വൈക്കം വിജയലക്ഷ്മിയെ സന്ദര്‍ശിച്ചായിരുന്നു പര്യടനത്തിന്റെ തുടക്കം. തുടര്‍ന്ന് തലയോലപ്പറമ്പിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
വിഷു ആഘോഷമായതിനാല്‍ ഇന്നും നാളെയും തുഷാര്‍ വെള്ളാപ്പള്ളിയുടെ പരസ്യപ്രചരണം ഉണ്ടായിരിക്കില്ല. ഗൃഹസമ്പര്‍ക്ക പരിപാടികളിലും കുടുംബയോഗങ്ങളിലും സ്ഥാനാര്‍ഥി പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതോടെ പ്രചാരണത്തിനു കോട്ടയത്തേക്കു ബിജെപിയുടെ ദേശീയ നേതാക്കള്‍ എത്തും.
ദേശീയ നേതാക്കളുടെ പര്യടന പരിപാടികളുടെ വിശദമായ ഷെഡ്യൂള്‍ തയാറായി വരികയാണെന്ന് എന്‍ഡിഎ ജില്ലാ ചെയര്മാന് ജി. ലിജിന്‍ ലാല്‍ അറിയിച്ചു.