ദേശീയപാതയിൽ മരക്കഷണങ്ങളും കെട്ടിടാവശിഷ്ടങ്ങളും തള്ളുന്നു
1418183
Monday, April 22, 2024 11:36 PM IST
കാഞ്ഞിരപ്പള്ളി: ദേശീയപാത 183ന്റെ വശങ്ങളിൽ കിടക്കുന്ന മരക്കഷണങ്ങളും കെട്ടിടാവശിഷ്ടങ്ങളും അപകടഭീഷണി സൃഷ്ടിക്കുന്നു. പൊൻകുന്നം മുതൽ മുണ്ടക്കയംവരെയുള്ള ഭാഗത്താണ് മരക്കഷണങ്ങളും കെട്ടിടാവശിഷ്ടങ്ങളും തള്ളിയിരിക്കുന്നത്.
പാതയോരത്തുനിന്നു മുറിച്ചുമാറ്റിയ മരക്കഷണങ്ങളാണ് പാതയോരത്തുതന്നെ കൂടിക്കിടക്കുന്നത്. ദേശീയപാത 183ൽ പൊൻകുന്നം മുതൽ മുണ്ടക്കയംവരെ സഞ്ചരിച്ചാൽ പലയിടങ്ങളിലും ഇതു കാണാനാകും. മുറിച്ചിട്ടിട്ട് നാളുകളായതോടെ ഇവ പലയിടത്തും കാടുകയറി മൂടിയ നിലയിലാണ്. അപകടഭീഷണി ഉയർത്തി റോഡുവക്കിൽ നിന്നിരുന്ന മരങ്ങളാണ് ഇത്തരത്തിൽ മുറിച്ചു റോഡിന്റെ വശങ്ങളിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നത്. കാറ്റിലും മഴയിലും ഒടിഞ്ഞ് വീണ മരങ്ങളും ഇക്കൂട്ടത്തിലുണ്ട്. വളവുകളാണെന്നതുപോലും പരിഗണിക്കാതെയാണ് തടിക്കഷണങ്ങൾ പാതയോരത്ത് തന്നെ തള്ളിയിരിക്കുന്നത്.
ഇതിനു പുറമേ കെട്ടിടാവശിഷ്ടങ്ങളും ഉപയോഗശൂന്യമായ വാഹനങ്ങളും എല്ലാം നിക്ഷേപിക്കുന്ന കേന്ദ്രമായി ദേശീയപാതയുടെ ഇരുവശങ്ങളും മാറിയിരിക്കുകയാണ്. കോൺക്രീറ്റ് പാളികൾ അടക്കമാണ് ദേശീയപാതയോരത്ത് തള്ളിയിരിക്കുന്നത്.
വാഹനങ്ങൾക്കു റോഡിന്റെ വശത്ത് പാർക്ക് ചെയ്യാൻപോലും കഴിയാത്ത രീതിയിലാണ് അനധികൃത നിക്ഷേപങ്ങളത്രയും. അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതാണ് പാതയോരത്ത് കോൺക്രീറ്റ് അവശിഷ്ടങ്ങൾ നിഷേപിക്കുന്ന സ്ഥിതിയിലേക്കുവരെ കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തള്ളുന്നവരെ കണ്ടെത്താനാകും. എന്നാൽ, ദേശീയപാതാ അധികൃതർ ഇതിനു മുതിരാറില്ല എന്നതാണ് വാസ്തവം. പാതയോരത്ത് താത്കാലികമായി കെട്ടിയുയർത്തിയ കടകളുടെ അവശിഷ്ടങ്ങളും പ്രവർത്തനം അവസാനിപ്പിച്ചിട്ടും പൊളിച്ച് നീക്കിയിട്ടില്ല.