വന്യമൃഗ ആക്രമണ ഭീഷണി, കസ്തൂരിരംഗന്‍ വിജ്ഞാപനം: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു
1418184
Monday, April 22, 2024 11:36 PM IST
കാഞ്ഞിരപ്പള്ളി: വന്യമൃഗ ആക്രമണ ഭീഷണി തടയാന്‍ സത്വര നടപടിയുണ്ടാകണമെന്നും കസ്തൂരിരംഗന്‍ വിജ്ഞാപനം നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു.
കേരളത്തിലെ 13 ജില്ലകളില്‍ വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ അധിവസിക്കുന്നവര്‍ വന്യമൃഗ ആക്രമണ ഭീഷണിയില്‍ കഴിയുകയാണ്. കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും കടന്നുവന്ന് വന്യമൃഗങ്ങൾ മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുകയും അപായപ്പെടുത്തുകയും ചെയ്യുന്നു. മൃഗങ്ങള്‍ക്കു സുരക്ഷ നല്കാന് സംവിധാനങ്ങളും നിയമങ്ങളുമുണ്ടെങ്കിലും മനുഷ്യനെ സംരക്ഷിക്കാന്‍ നടപടികളില്ല എന്നതാണ് സാഹചര്യം.
ഈ ദുരവസ്ഥയില്‍ പ്രായോഗികവും മാനുഷികവും ശാശ്വതവുമായ പരിഹാരനടപടികള്‍ ഉടന്‍ ഉണ്ടായേ തീരൂ. വനത്തിനും മൃഗങ്ങള്‍ക്കും നല്കുന്ന പരിഗണന മനുഷ്യന് നല്‍കാത്ത കാടന്നിയമങ്ങള്ക്ക് പൊളിച്ചെഴുത്തുണ്ടാകണമെന്നും മനുഷ്യവിരുദ്ധമായ വനനിയമങ്ങളില്‍ കാലോചിത മാറ്റങ്ങള്‍ വരുത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും പ്രമേയം സർക്കാരിനോട് ആവശ്യപ്പെടുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം ജൂണ്‍ 30നു വരാനിരിക്കേ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്ന അന്തിമമായി തിരുത്തല്‍ വരുത്തിയ വില്ലേജ് ഷേപ്പ് ഫയല്‍സും അനുബന്ധ രേഖകളും ഉടന്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കസ്തൂരിരംഗന്‍ നിര്‍ദേശങ്ങള്‍ അതിജീവനത്തിനും നിലനില്‍പ്പിനും ഏറ്റവും ഭീഷണിയും ആശങ്കയും ഉയര്‍ത്തുന്നത് കേരളത്തിലെ മലയോരവാസികളെയാണ്. കിടപ്പാടംപോലും നഷ്ടമാകാന്‍ സാധ്യതയുള്ള അനേകരുടെ മുറവിളിക്ക് സര്‍ക്കാര്‍ ചെവികൊടുത്തേ തീരു. ജനവാസ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സാംസ്കാരിക ഭൂപ്രദേശങ്ങള്‍ ഇഎസ്എയില്‍നിന്ന് ഒഴിവാക്കുകയും വില്ലേജ് അതിര്‍ത്തി, വനാതിര്‍ത്തി എന്നിവയിലുള്ള വൈരുധ്യങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യുന്നില്ലെങ്കില്‍ 92 ഇഎസ്എ വില്ലേജുകളില്‍പ്പെട്ട 30 ലക്ഷത്തോളം വരുന്ന മലയോര ജനത വഴിയാധാരമാവും. തലമുറകളായി അവകാശത്തിലുള്ള വസ്തുവകകളും സ്വത്തുക്കളും നഷ്ടമാകുന്ന സാഹചര്യം ചെറുതല്ല. കൃത്യതയും വ്യക്തതയുമുള്ള രേഖകള്‍ സംസ്ഥാന സർക്കാര്‍ അടിയന്തരമായി കേന്ദ്രസര്‍ക്കാരിന് നല്കാന് നടപടിയെടുക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.