സ്കൂൾ മെെതാനത്ത് കൃഷി: ഹൈക്കാേടതി നിർദേശത്തെത്തുടർന്ന് വാഴകൾ പിഴുതുമാറ്റി
1423799
Monday, May 20, 2024 6:49 AM IST
കുമരകം: ഹൈക്കോടതി നിർദേശം ഫലം കണ്ടു, സ്കൂൾ മെെതാനത്ത് നട്ടു വളർത്തി പരിപാലിച്ച വാഴകൾ നട്ടവർ തന്നെ പിഴുതുമാറ്റി കളിസ്ഥലമാക്കി. കുമരകം പഞ്ചായത്ത് അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് എൽപി സ്കൂൾ മൈതാനത്തിനാണ് ശാപമോക്ഷമായത്.
പ്രദേശവാസികളായ കുട്ടികൾ വൈകുന്നേരങ്ങളിൽ മൈതാനത്ത് ക്രിക്കറ്റും, ഫുട്ബോളും മറ്റും കളിക്കുന്നു എന്ന കാരണത്താൽ സ്കൂൾ അധികൃതർ കളിസ്ഥലത്ത് വാഴ നട്ടുവളർത്തി കളി തടസപ്പെടുത്തിയിരുന്നു.
സമീപപ്രദേശങ്ങളിലെങ്ങും കായിക വിനോദത്തിനായി മറ്റ് സൗകര്യങ്ങളില്ലാത്തതിനാലാണ് സ്കൂൾ മൈതാനത്തിൽ കുട്ടികൾ പലവിധ കളികൾ പരിശീലിച്ചു വന്നത്. എന്നാൽ സ്കൂൾ അധികൃതർ വാഴനട്ട് ഇത് തടസപ്പെടുത്തുകയായിരുന്നു.
കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും, ഏതളവിൽ വേണം കളിസ്ഥലം എന്നതിൽ സർക്കാർ മാർഗ നിർദേശം പുറത്തിറക്കണമെന്നും ഹൈക്കോടതി നിർദേശം നൽകിയ പശ്ചാത്തലത്തിൽ പഞ്ചായത്ത് എൽപി സ്കൂൾ മൈതാനവും വൃത്തിയാക്കി കുട്ടികൾക്കു കളിക്കാൻ സ്കൂൾ അധികാരികൾത്തന്നെ സൗകര്യമേർപ്പെടുത്തുകയായിരുന്നു.