മഴ ശക്തമായി; റോഡുകളിൽ വെള്ളക്കെട്ടും ചിറ്റാർപുഴയിൽ മാലിന്യവും
1423823
Monday, May 20, 2024 10:45 PM IST
കാഞ്ഞിരപ്പള്ളി: മഴ ശക്തമായതോടെ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. കാഞ്ഞിരപ്പള്ളി ടൗണിൽ പല ഭാഗങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട് കാൽനട യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ഓടകള്‍ ശുചീകരിക്കാത്തതിനാലാണ് വെള്ളക്കെട്ടുകള്‍ രൂപപ്പെടാൻ കാരണമാകുന്നതെന്ന് യാത്രകാർ ആരോപിച്ചു.
കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ കുരിശുങ്കലിന് സമീപം റോഡില്‍ വെള്ളക്കെട്ട് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെയാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ കാലവര്‍ഷക്കാലം മുഴുവന്‍ ഈ റോഡില്‍ വെള്ളക്കെട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതുവരെയായിട്ടും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പരിഹാരം അധികൃതർ കണ്ടെത്തിയിട്ടില്ല. ദേശീയപാതയില്‍ കുരിശുങ്കല്‍ ടാക്സി സ്റ്റാന്‍ഡ് ഭാഗത്തും ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം കുറവായതിനാല്‍ ഇവിടെയും വെള്ളക്കെട്ട് രൂക്ഷമാണ്. മഴ പെയ്തുതീര്‍ന്ന് ഏറെനേരം കഴിഞ്ഞാണ് ഇവിടത്തെ വെള്ളക്കെട്ട് ഒഴിവാകുകയുള്ളു. മഴക്കാലമെത്തിയാല്‍ ഇവിടങ്ങളിലെ സ്ഥിതി കൂടുതല്‍ ദുഷ്കരമാണ്.
കൈത്തോടുകളില്‍ നിറഞ്ഞ മാലിന്യങ്ങള്‍ മഴയില്‍ ചിറ്റാര്‍പുഴയിലേക്ക് ഒഴുകിയെത്തിയ നിലയിലാണ്. പുഴയിലൂടെ മാലിന്യങ്ങള്‍ ഒഴുകി പാലങ്ങളുടെ അടിയില്‍ തങ്ങി നിൽക്കുകയാണ്.
ചിറ്റാറിന്റെ കൈത്തോടായ പടപ്പാടി തോട്ടില്‍ പൂതക്കുഴി തടയിണയില്‍ കുളവാഴ (പോള) നിറഞ്ഞ നിലയിലായിരുന്നു. വേനലില്‍ പച്ചവിരിച്ചു നിന്നിരുന്ന ഇവ മഴയെത്തി തോട്ടില്‍ ഒഴുക്ക് വീണതോടെ ചിറ്റാര്‍ പുഴയിലേക്കും ഒഴുകിയെത്തി അഞ്ചിലിപ്പ പാലത്തിന് അടിയിൽ അടിഞ്ഞു കൂടിയ നിലയിലാണ്.