രോഗത്തോടു പൊരുതിയ യുവതിക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അതിവേഗ ശസ്ത്രക്രിയ
1424884
Sunday, May 26, 2024 2:22 AM IST
പാലാ: രക്തത്തില്‍ പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗത്തോട് പൊരുതുന്നതിനിടെ വീണ് ഇടുപ്പെല്ലില്‍ ഗുരുതര പരിക്കേറ്റ യുവതിയെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അതിവേഗ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. പ്ലേറ്റ്ലെറ്റ് കുറഞ്ഞ അവസ്ഥയില്‍ അമിത രക്തസ്രാവം ഉണ്ടായാല്‍ അപകട സാധ്യത വരുമെന്നതിനാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് മണിക്കൂര്‍ വേണ്ട ശസ്ത്രക്രിയ മുക്കാല്‍ മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
വര്‍ഷങ്ങളായി മൈലോഡിസ്പ്ലാസ്റ്റിക് സിന്‍ഡ്രോം എന്ന രോഗം മൂലം പ്ലേറ്റ്ലെറ്റ് വളരെ കുറയുന്നതിന് ചികിത്സയിലായിരുന്നു യുവതി.
ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ഒ.ടി.ജോര്‍ജിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ടീമാണ് അതിവേഗത്തില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി യുവതിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. കോതമംഗലം സ്വദേശിനിയാണ് രോഗങ്ങളോട് പൊരുതുന്ന നാല്പത്തിയാറുകാരിയായ യുവതി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗര്‍ഭകാലത്ത് അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്നു നടത്തിയ ബോണ്‍മാരോ പരിശോധനയിലാണ് മൈലോഡിസ്പ്ലാസ്റ്റിക് സിന്‍ഡ്രോം എന്ന അസുഖം യുവതിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കേരളത്തിലും പുറത്തും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
ഇതിനിടെ രണ്ടാഴ്ച മുന്‍പ് വീടിന് മുകളിലെ നിലയില്‍ വസ്ത്രങ്ങള്‍ എടുക്കാന്‍ കയറുന്നതിനിടെ നടയില്‍ തട്ടി വീഴുകയായിരുന്നു. നടു തല്ലിയുള്ള വീഴ്ചയില്‍ ഇടുപ്പെല്ലില്‍ ഗുരുതര പരിക്കേറ്റു. തുടര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ വീണ്ടും എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ നടത്തിയ വിദഗ്ദ പരിശോധനയില്‍ കണ്ടെത്തി. രക്തത്തില്‍ പ്ലേറ്റ്ലെറ്റ് ആവശ്യത്തിനില്ലാത്തതിനാല്‍ ശസ്ത്രക്രിയ ഏറെ അപകടസാധ്യത നിറഞ്ഞതാണെന്ന വെല്ലുവിളിയാണ് ഡോക്ടര്‍മാര്‍ക്കു മുന്നിലുണ്ടായിരുന്നത്. യുവതിയുടെ പ്രായം ഉള്‍പ്പെടെ സാഹചര്യം പരിഗണിച്ചാണ് ഏറെ സൂക്ഷ്മതയോടെയുള്ള ശസ്ത്രക്രിയ തീരുമാനിച്ചത്.
ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ഒ.ടി.ജോര്‍ജിന്റെ നേതൃത്വത്തില്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോസഫ് ജെ. പുല്ലാട്ട്, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. റിക്കി രാജ്, അനസ്തേഷ്യോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ശിവാനി ബക്ഷി, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. അജിത് പി. തോമസ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. സുഖം പ്രാപിച്ച യുവതി ആശുപത്രിയില്‍ നിന്ന് മടങ്ങി.