ഒന്നാം റാങ്കിനേക്കാൾ വിലയുള്ള ആറാം റാങ്ക്
1425146
Sunday, May 26, 2024 9:41 PM IST
എലിക്കുളം: പിതാവിന്റെ വേർപാടിന്റെ ഓർമകൾ കൊഴിയും മുന്പേ എഴുതിയ ബിരുദപരീക്ഷയിൽ ടീന നേടിയ ആറാം റാങ്കിന് തിളക്കമേറെ. കുരുവിക്കൂട് തൂങ്ങൻപറമ്പിൽ പരേതനായ ജോമോൻ ജോസഫിന്റെയും പ്രീതിയുടേയും മകൾ ടീനയാണ് എംജി യൂണിവേഴ്സിറ്റിയുടെ ബി കോം ഫിനാൻഷ്യൽ മാർക്കറ്റ്സ് എന്ന കോഴ്സിൽ ആറാം റാങ്ക് കരസ്ഥമാക്കിയത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലായിരുന്നു പഠനം. പിതാവ് ജോമോൻ ജോലിയ്ക്കു പോകുന്നതിനിടെ വാഹനാപകടത്തിൽ മരിക്കുകയായിരുന്നു. ഫെബ്രുവരിയിലായിരുന്നു പിതാവ് ജോമോന്റെ പെട്ടെന്നുള്ള വിയോഗം. ടീനയെ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് പൊന്നാട അണിയിച്ച് അഭിനന്ദിച്ചു. ടീനയ്ക്ക് പഠനത്തിനായി എല്ലാവിധ പിന്തുണയും പഞ്ചായത്തംഗം വാഗ്ദാനം ചെയ്തു. സഹോദരി ടിന്റു.