പണ്ടകശാലക്കടവ് സെന്റ് ജയിംസ് പള്ളി നവതിയാഘോഷ നിറവില്‍
1438367
Tuesday, July 23, 2024 2:33 AM IST
ചങ്ങനാശേരി: വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമധേയത്തിലുള്ള ചങ്ങനാശേരി അതിരൂപതയിലെ ഏക കപ്പേളയായ പണ്ടകശാലക്കടവ് സെന്റ് ജയിംസ് പള്ളി നവതി നിറവില്‍. 1978ല്‍ പണികഴിപ്പിച്ച പള്ളിയാണ് ഇപ്പോഴുള്ളത്. ചങ്ങനാശേരി അങ്ങാടിക്കടവിലാണ് യാത്രാ-ചരക്കുവള്ളങ്ങള്‍ അടുത്തിരുന്നത്. പിന്നീട് മാര്‍ക്കറ്റ് വളര്‍ന്നപ്പോള്‍ അതിന്റെ കേന്ദ്രഭാഗത്ത് തിരുക്കുടുംബത്തിന്റെ നാമത്തിലുള്ള ചന്തക്കടവ് കുരിശുപള്ളി 1804ല്‍ പണികഴിച്ചു. ഇന്ന് കാണുന്ന കുരിശുപള്ളി 1939 ലാണ് ആശീര്‍വദിച്ചത്.
തുടര്‍ന്ന് 980 തുലാം 17ന് (1805ല്‍) ദിവാന് വേലുത്തമ്പി ദളവ പുതിയ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ശതാബ്ദി സ്മാരകമായി മതമൈത്രിയുടെ പ്രതീകമായ അഞ്ചുവിളക്കുകള്‍ 1905ലാണ് സ്ഥാപിച്ചത്. ചവുക്ക ജംഗ്ഷന് (ചുങ്കം പിരിക്കുന്ന സ്ഥലം) എന്ന ഇന്നത്തെ പണ്ടകശാലക്കടവിലേക്കുള്ള പ്രവേശനഭാഗത്തായിരുന്നു. മാര്‍ക്കറ്റിലേക്കുള്ള ചരക്കുവള്ളങ്ങള്‍ അടുത്തിരുന്ന സ്ഥലത്ത് ഒരു ഉപ്പു പണ്ടകശാല, അഥവാ സംഭരണകേന്ദ്രം ഉണ്ടായിരുന്നതില്‍ നിന്നാണ് ഇവിടം പണ്ടകശാലക്കടവ് എന്ന് അറിയപ്പെട്ടത്.
മാര്‍ക്കറ്റിന്റെ ഒരു പ്രധാന ഭാഗമായ ഇവിടെ 1934 ജൂലൈ 25ന് മാര്‍ കാളാശേരി പിതാവ് മാര്‍ യാക്കോബ് ശ്ലീഹായുടെ നാമധേയത്തിലുള്ള കുരിശടി ആശീര്‍വദിച്ചു. മാര്‍ ചാക്കോശ്ലീഹാച്ചന്റെ കുരിശടിയെന്നാണ് നാനാജാതി മതസ്ഥരായ ഭക്തജനങ്ങള്‍ ഇതിനെ വിളിച്ചിരുന്നത്. സുറിയാനി ഭാഷയിലെ യാക്കോബ് എന്ന നാമത്തിന്റെ മലയാളരൂപങ്ങളാണ് ചാക്കോ, ചാക്കപ്പന്, ചാക്കമ്മ, ചാക്കുണ്ണി, കുഞ്ചാക്കോ, ഇക്കാക്കോ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നത്.
ദുഷ്ടശക്തികളെ സംഹരിക്കുന്ന വാളേന്തിയ അശ്വാരൂഢനായ ഒരു യോദ്ധാവിനെപ്പോലെയാണ് കപ്പേളയിലെ യാക്കോബ് ശ്ലീഹായുടെ തിരുസ്വരൂപം ചിത്രീകരിച്ചിരിക്കുന്നത്. യാക്കോബ് ശ്ലീഹാ കുതിരപ്പുറത്തു വന്ന് തങ്ങളെ രക്ഷിച്ചു എന്ന മധ്യയുഗ ചരിത്രവിവരണങ്ങളിലും ഐതിഹ്യങ്ങളില്നിന്നുമാണ് ഈ ചിത്രീകരണമുണ്ടായത്. ചങ്ങനാശേരി മാര്‍ക്കറ്റ് പ്രദേശത്തു നിന്നു മാത്രമല്ല വിദൂരസ്ഥലങ്ങളില്‍നിന്നുപോലും അനേകം പേര് ഇവിടെ യാക്കോബ് ശ്ലീഹായുടെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാര്ഥിച്ചുവരുന്നു.
1997 ഒക്ടോബര്‍ 27ന് ഈ കപ്പേളയോടു ചേര്‍ന്ന് മാര്‍ കാളാശേരി ഹാള്‍ കൂട്ടിച്ചേര്‍ത്ത് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ആശീര്‍വദിച്ചു. പള്ളിയോടു ചേര്‍ന്ന് 1936ല്‍ സ്ഥാപിതമായ സെന്റ് ജയിംസ് സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്.
നവതിയാഘോഷവും വിശുദ്ധ യാക്കോബ് ശ്ലീഹയുടെ തിരുനാളും
ചങ്ങനാശേരി: പണ്ടകശാലക്കടവ് സെന്റ് ജയിംസ് ദേവാലയത്തിന്റെ നവതി ആഘോഷത്തിനും വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാളിനും ഇന്ന് തുടക്കമാകും. വൈകുന്നേരം അഞ്ചിന് ആര്‍ച്ച്ബിഷപ്സ് ഹൗസില്‍നിന്നും നവതി പ്രയാണം പള്ളിയിലേക്ക് നടക്കും. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജയിംസ് കൊക്കാവയലില്‍ സന്ദേശം നല്‍കും.
പ്രയാണം പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ സ്വീകരിക്കും. ഫാ. ലിപിന്‍ തുണ്ടുകളം, ഫാ. ജെറിന് കാവനാട്ട്, ഫാ. നിഖില്‍ അറയ്ക്കത്തറ, കണ്‍വീനര്‍മാരായ ഡാര്‍ലി കുട്ടംപേരൂര്‍, മനോജ് ഇടശേരിപ്പറമ്പില്, തോമസ് കുട്ടി പന്ത്രണ്ടില്‍, വിപിന്‍ ചിങ്ങംപറമ്പില്‍, കൈക്കാരന്മാരായ ലാലിച്ചന്‍ മുക്കാടന്‍, ജോമി കാവാലം, ബിനോ പാറക്കടവില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
നാളെ വൈകുന്നേരം 5.30ന് വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ കൊടിയേറ്റ് നിര്‍വഹിക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. വര്‍ഗീസ് പുളിക്കപ്പടവില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഹാസ്യസംഗീത നിശ നടക്കും.
പ്രധാന തിരുനാള്‍ ദിനമായ 25ന് വൈകുന്നേരം 4.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആഘോഷമായ തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് പ്രദക്ഷിണം.