കോട്ടയം: ഓണത്തിനു മുന്നോടിയായി ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധനകള്‍ ഇന്നാരംഭിക്കും. വ്യാപാര സ്ഥാപങ്ങളിലെ അളവ്, തൂക്ക വെട്ടിപ്പ് തടയുന്നതിനാണ് മിന്നല്‍ പരിശോധനകള്‍ നടത്തുന്നത്. മന്ത്രി ജി.ആര്. അനിലിന്റെ നിര്‍ദേശപ്രകാരം 14 ജില്ലകളിലും സ്ക്വാഡുകള്‍ രൂപീകരിച്ചാണു താലൂക്കുതലത്തില്‍ മിന്നല്‍ പരിശോധനകള്‍ നടത്തുന്നത്. ഉപ്പേരി, ശര്‍ക്കര വരട്ടി, എന്നിവ ഉള്‍പ്പെടെയുള്ള സാധനളുടെ അളവ്, നിലവാരം സംബന്ധിച്ചും പരിശോധനയുണ്ടാകും.
ചിപ്സ് ഉള്‍പ്പെടെ പായ്ക്കറ്റുകളില്‍ അളവു വ്യത്യാസമുണ്ടെന്നും അവശ്യ സാധനങ്ങള്‍ വന്‍കിട കച്ചവടക്കാര്‍ പൂഴ്ത്തി വയ്ക്കുന്നതായും ആക്ഷേപമുണ്ട്.
ഇന്നു മുതല്‍ ഓണം കഴിയുന്നതു വരെ പരിശോധന തുടരും. സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകളും തുറന്നിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ കണ്ട്രോള് റൂമുകളില്‍ അറിയിക്കാം. മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചു വ്യാപാരം നടത്തുക, പായ്ക്കറ്റില്‍ രജിസ്ട്രേഷന് ഇല്ലാത്ത സാധനങ്ങള്‍ വില്പന നടത്തുക, അളവ്, വില തുടങ്ങിയവ രേഖപ്പെടുത്താതിരിക്കുക, എംആര്‍പിയില്‍ കൂടുതല്‍ വില വാങ്ങുക, വില തിരുത്തുക, കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്പന നടത്തുക, പെട്രോള്‍ പമ്പുകളിലെ ക്രമക്കേടുകള്‍ തുടങ്ങിവയാണ് പരിശോധനാ പരിധിയില്‍ വരുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ പിഴ ഈടാക്കും.