വോട്ടർ പട്ടിക: 64,151 പേർ അപേക്ഷ നൽകി
1582771
Sunday, August 10, 2025 7:27 AM IST
ഇടുക്കി: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പുതുതായി പേരു ചേർക്കാൻ ജില്ലയിൽ ഇതുവരെ അപേക്ഷ നൽകിയത് 64,151 പേർ. കരട് പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിന് 391 അപേക്ഷകൾ ലഭിച്ചു.
ഒരു വാർഡിൽനിന്നു മറ്റൊരു വാർഡിലേക്ക് മാറ്റുന്നതിന് 7059 പേർ അപേക്ഷ നൽകിയിട്ടുണ്ട്. കൂടാതെ വോട്ടർ പട്ടികയിൽനിന്നു പേര് ഒഴിവാക്കാനും ഇതു സംബന്ധിച്ച ആക്ഷേപങ്ങളുമായി 8862 അപേക്ഷകരുണ്ട്. ഇന്നലെ ഉച്ച വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
പേരു ചേർക്കുന്നതിനുള്ള തീയതി 12 വരെ നീട്ടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇന്നും നാളെയും തുറന്നു പ്രവർത്തിക്കും. പേര് ചേർക്കുന്നതിനും പട്ടികയിലെ വിലാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തിരുത്തൽ വരുത്തുന്നതിനും ഒരു വാർഡിൽനിന്നു മറ്റൊരു വാർഡിലേക്കാ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകൾ 12 വരെ നൽകാം.
കമ്മീഷന്റെ sec.kerala. gov.in വെബ്സൈറ്റിലാണ് ഓണ്‍ലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാം.