മങ്ങാട്ടുകവലയിൽ റോഡിലെ കുഴി അപകടം വിതയ്ക്കുന്നു
1582783
Sunday, August 10, 2025 7:28 AM IST
തൊടുപുഴ: തിരക്കേറിയ റോഡിൽ രൂപപ്പെട്ട വൻഗർത്തം അപകടം വിതയ്ക്കുന്നു. എന്നാൽ അധികൃതർ കണ്ടമട്ടില്ല. മങ്ങാട്ടുകവല-മുതലക്കോടം റോഡിൽ മഹിമമാർട്ടിനു സമീപമാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആഴമുള്ള കുഴിയാണെന്ന് വാഹനയാത്രക്കാർക്ക് തിരിച്ചറിയാനാകാത്ത സാഹചര്യമാണ്.
ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന സ്ത്രീകളാണ് ഇവിടെ പലപ്പോഴും അപകടത്തിൽപ്പെടുന്നതെന്നു വ്യാപാരികൾ പറഞ്ഞു. ചെറിയ വളവുള്ള ഭാഗമായതിനാൽ എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്പോൾ വാഹനങ്ങൾ കുഴിയിൽ വീഴുന്നതും പതിവാണ്.
അപകടം പതിവായതോടെ സമീപത്തെ വ്യാപാരികൾ ചേർന്ന് കുഴിയിൽ ബക്കറ്റിറക്കി വച്ച് മുന്നറിയിപ്പ് നൽകുകയാണ്. രാത്രി സമയങ്ങളിലാണ് കൂടുതൽ അപകടം ഉണ്ടാകുന്നത്. അതേ സമയം കുഴിയിൽ വീണ് അപകടം പതിവായിട്ടും ആവശ്യമായ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പധികൃതർ തയാറാകാത്തതിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്.
കുഴിയടയ്ക്കാൻ നിരത്തിൽ ജീവൻ പൊലിയുന്നതുവരെ കാത്തിരിക്കണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അടിയന്തരമായി അപകടം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.