പഞ്ചായത്തിന്റെ വാക്കു വിശ്വസിച്ച വനിതകൾ "എട്ട്' വരയ്ക്കുന്നു
1583136
Monday, August 11, 2025 11:37 PM IST
ചെറുതോണി: സൗജന്യമായി ഡ്രൈവിംഗ് പരിശീലനം നൽകുമെന്ന പഞ്ചായത്തിന്റെ വാക്കു കേട്ട് അപേക്ഷിച്ചവരെ പഞ്ചായത്ത് വഞ്ചിച്ചതായി ആക്ഷേപം. വാഴത്തോപ്പ് പഞ്ചായത്തിനെതിരേയാണ് ആക്ഷേപം. നാലു ചക്രവാഹന ഡ്രൈവിംഗ് പരിശീലനമാണ് നൽകുമെന്നു പ്രഖ്യാപിച്ചിരുന്നത്.
ഇതു കേട്ടു 250ഓളം വനിതകൾ അപേക്ഷ നൽകി. ഇതോടെ, ആളുകളുടെ എണ്ണം കുറയ്ക്കാനായി 40 വയസിൽ താഴെയുള്ളവർക്കാണ് പദ്ധതിയെന്നു തിരുത്തി. നിബന്ധന വച്ചതോടെ പട്ടിക 50 പേരിലേക്കു ചുരുങ്ങി. പരിശീലനം പൂർത്തിയാക്കി ഡ്രൈവിംഗ് ലൈസൻസുമായി വരുന്നവർക്ക് 10,000 രൂപ നൽകുമെന്നാണ് പഞ്ചായത്ത് വനിതകളെ അറിയിച്ചിരുന്നത്. ഡ്രൈവിംഗ് പരിശീലിപ്പിക്കാൻ ഒരു ഡ്രൈവിംഗ് സ്കൂളിനെയും പഞ്ചായത്ത് ചുമതലപ്പെടുത്തി.
പത്തു ക്ലാസ് കഴിഞ്ഞപ്പോൾ
ഇതിനിടെ പദ്ധതി വീണ്ടും പരിഷ്കരിച്ചു. ഗുണഭോക്തൃ വിഹിതമായി 5,000 രൂപ അടയ്ക്കുന്നവർക്കാണ് പരിശീലനമെന്നായിരുന്നു പുതിയ നിർദേശം. ഇതുപ്രകാരം 12 പേർ 5,000 രൂപ വീതം അടച്ചു പരിശീലനം തുടങ്ങി. ഇതിനിടെ, പദ്ധതിക്കു മേൽനോട്ടം നിർവഹിച്ചിരുന്ന ഗ്രാമസേവകൻ സ്ഥലം മാറിപ്പോയി. പുതിയ ഉദ്യോഗസ്ഥ ചുമതല ഏറ്റെടുത്തു.
പരിശീലനം ആരംഭിച്ച് പത്ത് ക്ലാസുകൾ പൂർത്തിയായപ്പോഴാണ് ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കാൻ സാധിക്കില്ലെന്നു പുതിയ ഗ്രാമസേവിക വനിതകളെ അറിയിച്ചത്. വഞ്ചിതരായ വനിതകൾ പഞ്ചായത്ത് പ്രസിഡന്റിനെയും അംഗങ്ങളെയും നേരിൽക്കണ്ട് പരാതി അറിയിച്ചു. സ്ഥലംമാറിപ്പോയ ഗ്രാമസേവകനാണ് പദ്ധതി തകരാൻ കാരണമെന്നു പറഞ്ഞ് കൈകഴുകുകയാണ് പ്രസിഡന്റ് എന്നു വനിതകൾ ആരോപിക്കുന്നു.
പഞ്ചറായി പദ്ധതി
പഞ്ചായത്ത് കമ്മിറ്റി കൂടി വ്യക്തിഗത ആനുകൂല്യമായി നടപ്പിലാക്കിയ പദ്ധതിയിലാണ് വനിതകൾ വഞ്ചിക്കപ്പെട്ടിരിക്കുന്നത്. പഞ്ചായത്തിന് ഈ പദ്ധതി നടപ്പിലാക്കാനാവില്ലെന്നും തിരുവനന്തപുരത്ത് കോ-ഒാർഡിനേഷൻ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിരിക്കുകയാണെന്നുമാണ് പഞ്ചായത്തിന്റെ വാദം. കോ-ഒാർഡിനേഷൻ കമ്മിറ്റിയുടെ നിർദേശമനുസരിച്ചു മാത്രമേ പദ്ധതി പൂർത്തീകരിക്കാനാവൂ എന്നും ഇവർ പറയുന്നു.
5,000 രൂപ നൽകി ഡ്രൈവിംഗ് പരീശീലനം ആരംഭിച്ച വനിതകളാണ് വെട്ടിലായിരിക്കുന്നത്. നിർധനരായ വനിതകളാണ് പഞ്ചായത്തിൽനിന്നു സൗജന്യ ഡ്രൈവിഗ് പരിശീലനം നൽകുന്നെന്ന് അറിഞ്ഞ് അപേക്ഷയും പണവും നൽകിയത്. ഒന്നുകിൽ പദ്ധതി പൂർത്തിയാക്കുകയോ അല്ലെങ്കിൽ പണം തിരികെ തരികയോ ചെയ്യണമെന്നാണ് വഞ്ചിതരായവർ പറയുന്നത്. അല്ലെങ്കിൽ പഞ്ചായത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും വനിതകൾ അറിയിച്ചു.