പച്ചക്കറിവില ഉയർന്നുതുടങ്ങി; ഓണത്തിന് കൈ പൊള്ളുമോ?
1582784
Sunday, August 10, 2025 7:28 AM IST
തൊടുപുഴ: ഓണമെത്തുന്നതിനു മുന്പു തന്നെ പച്ചക്കറിവില കുതിച്ചു തുടങ്ങി. കാരറ്റ്, തക്കാളി, ബീൻസ്, വള്ളിപ്പയർ, കോവയ്ക്ക തുടങ്ങി പല ഇനങ്ങളുടെയും വില ഉയർന്നു. ഈ രീതിയിൽ പോയാൽ ഓണസദ്യ ഒരുക്കാൻ ഇത്തവണ കൂടുതൽ പണം മുടക്കേണ്ടിവരുമെന്ന സൂചനയാണ് വിപണി നൽകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതാണ് പച്ചക്കറി വില ഉയരാനിടയാക്കിയത്.
പല വില
ഒരു സ്ഥലത്തുതന്നെ പല കടകളിലും വ്യത്യസ്ത നിരക്കുകളിലാണ് പച്ചക്കറി വിൽപ്പന നടക്കുന്നത്. തമിഴ്നാട്ടിലും കർണാടകയിലും കനത്ത മഴ മൂലമുണ്ടായ വിളനാശമാണ് വിലക്കയറ്റത്തിനു കാരണമായി വിൽപ്പനക്കാർ പറയുന്നത്. സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം നടക്കുന്നുണ്ടെങ്കിലും അയൽ സംസ്ഥാനങ്ങളെയാണ് പ്രധാനമായി ആശ്രയിക്കുന്നത്.
ആശങ്കയിൽ ജനങ്ങൾ
ഓണം, വിവാഹസീസണ് എന്നിവ എത്തുന്നതിനു മുൻപേ വിപണിയിൽ വില ഉയർന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഈ നില തുടർന്നാൽ ഓണമെത്തുന്പോൾ അടുക്കള ബജറ്റ് പൂർണമായും താളം തെറ്റുമെന്ന് വീട്ടമ്മമാർ പറയുന്നു.
അതേസമയം, വിലക്കയറ്റത്തിൽ റിക്കാർഡിട്ട വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില അൽപം കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. ഇതിനിടെ ഓണത്തിന് കുറഞ്ഞ വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കാനുള്ള നടപടികൾ കൃഷിവകുപ്പും ഹോർട്ടികോർപ്പും വിഎഫ്സികെയും ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പച്ചക്കറി ഉത്പാദനം നടന്നു വരുന്നുണ്ട്.
വില ഇങ്ങനെ
ഒരു കിലോ കാരറ്റ് 80 രൂപ വരെയാണ് ചില്ലറ വില. ബീൻസിന് 60-80 രൂപയും. തക്കാളി - 60, കോവയ്ക്ക - 60-70, വള്ളിപ്പയർ -70, സവാള -30, ഇഞ്ചി - 120, ചുവന്നുള്ളി - 60, വെളുത്തുള്ളി - 160, പാവയ്ക്ക - 60, ചേന- 70, വെള്ളരി- 50- 60, വെണ്ടയ്ക്ക- 60, കിഴങ്ങ് -30 എന്നിങ്ങനെയാണ് ചില്ലറ വിൽപ്പന.
അതേസമയം മുരിങ്ങക്കായ, പച്ചമുളക് തുടങ്ങി ചില ഇനങ്ങളുടെ വില കുറഞ്ഞിട്ടുണ്ട്. മുരിങ്ങക്കായ കിലോയ്ക്ക് 40 രൂപയാണ് വില.