തങ്കമണി, വാഗമണ്‍ പോലീസ് സ്റ്റേഷനുകൾക്ക് പുതിയ മന്ദിരം
1582885
Sunday, August 10, 2025 11:34 PM IST
ഇടുക്കി: നിർമാണം പൂർത്തീകരിച്ച തങ്കമണി, വാഗമണ്‍ പോലീസ് സ്റ്റേഷനുകളുടെയും ജില്ലാ കണ്ട്രോൾ റൂമിന്റെയും ഉദ്ഘാടനം നാളെ ഉച്ച കഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിർവഹിക്കും.
തങ്കമണി ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. വാഗമണ്‍ പോലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടന സമ്മേളനത്തിൽ വാഴൂർ സോമൻ എംഎൽഎയും, ജില്ലാ കണ്ട്രോൾ റൂമിന്റെ ഉദ്ഘാടനത്തിൽ ഡിസിആർബി ഡിവൈഎസ്പി കെ.ആർ. ബിജുവും അധ്യക്ഷത വഹിക്കും.
മൂന്ന് നിലകളിലായാണ് തങ്കമണി, വാഗമണ്‍ പോലീസ് സ്റ്റേഷൻ മന്ദിരങ്ങൾ നിർമിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥർക്കുള്ള മുറികൾ, തൊണ്ടിസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറി, റിക്കാർഡ് റൂം, മൂന്ന് ലോക്കപ്പുകൾ, വികലാംഗ സൗഹൃദ ടോയ്ലറ്റ് ഉൾപ്പെടെ 23 മുറികളും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തങ്കമണി പോലീസ് സ്റ്റേഷന്റെ നിർമാണത്തിനായി 2.04 കോടിയും വാഗമണ്‍ പോലീസ് സ്റ്റേഷനു വേണ്ടി 1.99 കോടിയുമാണ് ചെലവഴിച്ചത്.
ഇടുക്കി പോലീസ് ക്യാന്പിൽ നിർമിച്ചിരിക്കുന്ന ജില്ലാ കണ്ട്രോൾ റൂമിന്റെ നിർമാണത്തിനായി 98,16,000 രൂപയാണ് വിനിയോഗിച്ചിരിക്കുന്നത്.
ഇരുനിലകളിയായി നിർമ്മിച്ചിരിക്കുന്ന കണ്ട്രോൾ റൂമിൽ എമർജൻസി റെസ്പോണ്‍സ് സിസ്റ്റം, എഎൻപിആർ തുടങ്ങി ആധുനിക സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾക്കായുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.