ഇലക്ഷൻ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആളുമാറി എത്തുന്നതായി ആക്ഷേപം
1583135
Monday, August 11, 2025 11:37 PM IST
നെടുങ്കണ്ടം: ഇലക്ഷന് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിലും വ്യാപകമായ ക്രമക്കേടുകൾ. തപാലിലൂടെ ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ യഥാർഥ മേൽവിലാസക്കാരനല്ല ലഭിക്കുന്നത്. കവറിനു പുറത്തെ മേൽവിലാസവും ഉള്ളിൽ അടക്കംചെയ്തിരിക്കുന്ന കാർഡും രണ്ടും രണ്ടാണ്. കഴിഞ്ഞ ദിവസം നെടുങ്കണ്ടം മേഖലയില്‍ പലര്‍ക്കും തപാലിലൂടെ ലഭിച്ചത് മറ്റുള്ളവരുടെ സമ്മതിദായക തിരിച്ചറിയല്‍ കാര്‍ഡുകളാണ്.
എഴുകുംവയല്‍, ചേമ്പളം എന്നിവിടങ്ങളില്‍ നിരവധി പേര്‍ക്ക് മറ്റുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളാണ് വിലാസം തെറ്റി ലഭിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് അയയ്ക്കുന്ന കവറില്‍ കിട്ടേണ്ട ആളുടെ വിലാസം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കവറിനുള്ളില്‍ വേറെ ആളുടെ തിരിച്ചറിയല്‍ കാര്‍ഡാണ് ഉണ്ടാകുക. ചേമ്പളം സ്വദേശി കൃഷ്ണ ആര്. നായര്‍ക്ക് ലഭിച്ചത് അഞ്ജലി ബാബുവിന്റെ തിരിച്ചറിയല്‍ കാര്‍ഡാണ്. എഴുകുംവയല്‍ സ്വദേശി അബിന്‍ സെബാസ്റ്റ്യന്‍ ലഭിച്ചത് ആദിത്യന് ഗിരീഷിന്റെ തിരിച്ചറിയല്‍ കാര്‍ഡുമാണ്. ഇങ്ങനെ ഒരേ പോസ്റ്റ് ഓഫീസിന് കീഴിലുള്ള ആളുകളാണ് ഇവരെല്ലാമെങ്കിലും ഇവര്‍ പരസ്പരം അറിയാത്തവരാണ്.
ഇടുക്കി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഉടുമ്പന്‍ചോല ഡെപ്യൂട്ടി കളക്ടറുടെ (റവന്യു റിക്കവറി ആന്‍ഡ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍) കാര്യാലയത്തില്‍നിന്നാണ് തിരിച്ചറിയല്‍ കാര്‍ഡ് അയച്ചിരിക്കുന്നത്. എന്നാല്‍, തിരുവനന്തപുരത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ കാര്യാലയത്തില്‍നിന്ന് അയയ്ക്കുന്ന കവര്‍ അതേപടി അതാത് വിലാസങ്ങളിലേക്ക് അയച്ചുനല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ഈ ഓഫീസില്‍നിന്ന് അറിയിച്ചു. തെറ്റായി എത്തിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എവിടെ നല്‍കണമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് സമ്മതിദായകര്‍.