കരിങ്കല്ലു തോൽക്കുമീ കരം തൊട്ടാൽ ഓടക്കുഴലിൽ നാദവിസ്മയം
1582781
Sunday, August 10, 2025 7:28 AM IST
തൊടുപുഴ: കരിങ്കല്ല് അടിച്ചുപൊട്ടിച്ച് മുഖം മിനുക്കി മനോഹരമായ വീടുകൾക്ക് അടിത്തറയിടുന്ന അറക്കുളം പന്ത്രണ്ടാംമൈൽ സ്വദേശി വടക്കേടത്ത് ചെല്ലപ്പൻ മേസ്തിരിയുടെ കരം തൊട്ടാൽ പാടാത്ത ഓടക്കുഴലില്ല. ഒരു ഗുരുവിന്റെയും അടുത്ത് ദക്ഷിണ വയ്ക്കാതെ, ആരുടെയും പരിശീലനം ഇല്ലാതെ ശ്രുതിമധുരമായി ഓടക്കുഴൽ വായിച്ച് നാദവിസ്മയം തീർക്കുന്നത് കേട്ടാൽ ആരും പറഞ്ഞുപോകും ഈ മേസ്തിരി ചില്ലറക്കാരനല്ലെന്ന്. ഇതിനു പിന്നിൽ കഠിനാധ്വാനത്തിൽ ചാലിച്ചെടുത്ത ജീവിതമുണ്ട്. ഉള്ളിൽ കെടാതെ നിൽക്കുന്ന ആഗ്രഹമുണ്ട്. നിരന്തരമായ തപസ്യയുണ്ട്.
കണ്ടും കേട്ടും പഠിച്ചു
പതിനാറാമത്തെ വയസിലാണ് ചെല്ലപ്പൻ മേസ്തിരിപ്പണി ആരംഭിച്ചത്. അച്ഛൻ വേലായുധന് ഒപ്പമായിരുന്നു ജോലി. ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപമുള്ള ചക്കിക്കാവ് സെന്റ് മേരീസ് പള്ളിയുടെ നിർമാണമായിരുന്നു ആദ്യം ചെയ്ത ജോലി. ജോലി ആരംഭിച്ച അതേവർഷം തന്നെ ഓടക്കുഴൽ വായനയും ആരംഭിച്ചു.
അച്ഛൻ ഓടക്കുഴൽ വായിക്കുന്നത് കണ്ടും കേട്ടുമാണ് വായിക്കാൻ പഠിച്ചത്. ഇതിനായി സ്വന്തമായി ഓടക്കുഴൽ വാങ്ങി. ഏഴ് സ്വരങ്ങളുടെയും നോട്ടുകൾ സ്വയം തയാറാക്കിയായിരുന്നു പരിശീലനം. അതിരാവിലെ എഴുന്നേറ്റ് പരിശീലനം നടത്തും. പിന്നീട് ജോലിക്ക് പോകും. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം രാത്രിയിൽ വീണ്ടും പരിശീലനം നടത്തും.
മതമൈത്രിയുടെ നാദം
വീടിനു സമീപമുള്ള അറക്കുളം ശ്രീധർമശാസ്താ ക്ഷേത്രത്തിലായിരുന്നു ഓടക്കുഴൽ വായിച്ച് അരങ്ങേറ്റം നടത്തിയത്. ഹൈന്ദവ, ക്രിസ്ത്യൻ കീർത്തനങ്ങളാണ് ഓടക്കുഴൽ കൈയിലെടുത്താൽ ഇദ്ദേഹത്തിന്റെ മനസിൽ ഓടിയെത്തിയിരുന്നത്. മതമൈത്രിയുടെ സന്ദേശമാണ് ചെല്ലപ്പൻ മേസ്തിരിയുടെ ഓടക്കുഴലിലൂടെ പുറത്തുവന്നവയിൽ ഏറെയും . ചെത്തിമന്ദാരം തുളസി ... എന്ന ഹൈന്ദവ ഭക്തിഗാനവും നിത്യവിശുദ്ധയാം കന്യാമറിയമേ ... എന്ന ക്രിസ്ത്യൻ ഭക്തിഗാനവും നിരവധി ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും ഗാനമേള ടീമിനൊപ്പവും ചെല്ലപ്പൻ പാടിയിട്ടുണ്ട് .
തീർഥാടന കേന്ദ്രമായ തുന്പച്ചി കുരിശുമലയിൽ വർഷങ്ങൾക്കു മുന്പ് ഫാ. തോമസ് ഓലിക്കൽ ഇടവക വികാരിയായിരിക്കുന്പോൾ പരിശുദ്ധാത്മാവേ നീ എഴുന്നള്ളി വരണമേ ... എന്ന ഗാനം ഓടക്കുഴലിൽ വായിച്ചത് മനസിൽനിന്ന് ഇന്നും മാഞ്ഞിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. ഗുരുവായൂർ, തൊടുപുഴ ശ്രീകൃഷ്ണസ്വാമി, കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ കീർത്തനങ്ങൾ വായിച്ചിട്ടുണ്ട്. ഓരോ കീർത്തനവും ഈശ്വരാർച്ചനയായി അർപ്പിക്കുന്പോൾ ഉള്ളിൽ ആനന്ദം നിറയും. ഇതാണ് ചെല്ലപ്പൻ മേസ്തിരിയുടെ നാദോപാസനയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന മർമം .
മേൽശാന്തി നൽകിയ ഓടക്കുഴൽ
കുടയത്തൂർ ശരംകുത്തി ക്ഷേത്രത്തിലെ മേൽശാന്തി 15 വർഷം മുന്പ് നല്ല വിലയുള്ള ഓടക്കുഴൽ സമ്മാനമായി നൽകി. ഈ ഓടക്കുഴൽ ഉപയോഗിച്ചാണ് ഇപ്പോൾ വായിക്കുന്നത്. മർച്ചന്റ്സ് അസോസിയേഷൻ, റെസിഡന്റ്സ് അസോസിയേഷൻ, കുടുംബ സമ്മേളനങ്ങൾ എന്നിങ്ങനെ വിവിധ സംഘടനകളുടെ പരിപാടികളിൽ ഓടക്കുഴൽ വായനയിലൂടെ അനേകരെ ആവേശഭരിതരാക്കാനും അസ്വസ്ഥമായ മനസുമായി കടന്നുവരുന്നവരെ പ്രശാന്തതയിലേക്ക് നയിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നിരവധി സിനിമാഗാനങ്ങളും വായിച്ചിട്ടുണ്ട്. അവ ഓരോന്നും ഈണത്തിൽ വായിക്കുന്നത് കേട്ടാൽ ആരും ഒരു നിമിഷം നിന്നുപോകും.
15 വർഷമായി യോഗ അഭ്യസിക്കുന്നുണ്ട്. പ്രായം 78 ആയെങ്കിലും മേസ്തിരി ജോലിയും ഓടക്കുഴൽ വായനയും ഇദ്ദേഹത്തിന് ഇന്നും ഹരമാണ്. ആരോഗ്യം ദൈവത്തിന്റെ ദാനമായതിനാൽ അധ്വാനത്തെ ഈശ്വരാർച്ചനയായാണ് ഇദ്ദേഹം കാണുന്നത്.
കാഞ്ഞിരമറ്റം സൂര്യൻകുന്നേൽ രത്നമ്മയാണ് ഭാര്യ. മക്കൾ: നിർമല, രാജേഷ്, സത്യൻ. ആണ്മക്കൾ രണ്ടുപേരും മേസ്തിരിമാരാണ്. ഇതിനുപുറമേ അച്ഛൻ ചെല്ലപ്പനും രാജേഷും ശില്പങ്ങളുടെ നിർമാണത്തിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
ജോയി കിഴക്കേൽ