ചൊക്രമുടിയിലെ കൈയേറ്റഭൂമിയും റിസോർട്ടും സർക്കാർ ഏറ്റെടുത്തു
1583134
Monday, August 11, 2025 11:37 PM IST
രാജാക്കാട്: ചൊക്രമുടിയിൽ സർക്കാർ ഭൂമി കൈയേറി വ്യാജരേഖകളുടെ പിൻബലത്തിൽ പട്ടയം സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് റവന്യു വിഭാഗം പട്ടയം റദ്ദാക്കിയ ഒരേക്കർ അഞ്ചു സെന്റ് ഭൂമിയും ഇവിടെ നിർമിച്ചിരുന്ന റിസോർട്ടും സർക്കാർ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു.
ചൊക്രമുടിയുടെ കവാടത്തിലുള്ള വിന്റർ ഗാർഡൻ റിസോർട്ടാണ് റവന്യു വകുപ്പ് ഏറ്റെടുത്തത്. പട്ടയ ഫയലിലെ വിവരങ്ങളനുസരിച്ച് ചൊക്രമുടി, വാഴയിൽ മേരിക്കുട്ടി വർഗീസ് എന്നയാൾ കൈവശം വച്ചിരുന്ന ഭൂമിയാണിത്. എന്നാൽ, റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തിൽ താലൂക്ക് ഓഫീസിലുള്ള പട്ടയഫയലിൽ 1969 ൽ ഭൂമി പതിച്ചുനൽകിയതായി രേഖകളുണ്ടെങ്കിലും പട്ടയ അപേക്ഷകൻ റവന്യു ഇൻസ്പെക്ടർക്ക് നൽകിയ മൊഴി, പട്ടയത്തിന്റെ ഓഫീസ് പകർപ്പ്, മഹസർ, സ്കെച്ച് എന്നിവ ഉണ്ടായിരുന്നില്ല.
274-1 എന്ന മറ്റൊരു സർവേ നമ്പറിന്റെ മറവിലാണ് ഭൂമി കൈവശം വച്ചിരുന്നതെന്നും കണ്ടെത്തി.1996ൽ രാജകുമാരി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തീറാധാര പ്രകാരം ടി.എം. ജോസഫ് എന്നയാൾക്ക് അവകാശം സിദ്ധിച്ച ഭൂമിയാണിതെന്ന് വ്യക്തമാക്കുന്നു.
സർവേ നമ്പർ 27-1ൽ ഉൾപ്പെട്ട 354.5900 ഹെക്ടർ വിസ്തീർണമുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് ഇതെന്ന് റവന്യു വിഭാഗം കണ്ടെത്തിയതോടെയാണ് പട്ടയം റദ്ദാക്കി ഭൂമിയേറ്റെടുത്തത്. പട്ടയം റദ്ദാക്കുന്നതിന് മുൻപ് രേഖകൾ ഹാജരാക്കി ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ കൈവശക്കാർക്ക് ആറു തവണ റവന്യു വിഭാഗം അവസരം നൽകിയിരുന്നു.