അഭിഭാഷകൻ കേസ് നൽകാതെ വഞ്ചിച്ചെന്ന്
1583143
Monday, August 11, 2025 11:37 PM IST
തൊടുപുഴ: ആനവിരട്ടി വളവിൽ 2019-ലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കരിപ്പേതറയിൽ പ്രകാശ്, ഭാര്യ സുലോചന എന്നിവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി ട്രിബ്യൂണലിൽ കേസ് നൽകാമെന്നേറ്റ അഭിഭാഷകൻ വഞ്ചിച്ചതായി സുലോചന പത്രസമ്മേളനത്തിൽ ആരോപിച്ചു.
അപകടത്തിൽ സുലോചനയുടെ മൂന്നുവാരിയെല്ലുകൾ ഒടിയുകയും ശ്വാസകോശത്തിൽ വാരിയെല്ല് കുത്തിക്കയറി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേ മുഖത്ത് പരിക്കേറ്റ് പല്ല് കൊഴിഞ്ഞുപോകുകയും തല നിലത്തടിച്ച് തലച്ചോറിന് ക്ഷതമേൽക്കുകയുമുണ്ടായി. ചികിത്സയ്ക്കും മറ്റുമായി ലക്ഷങ്ങൾ ചെലവായി. ഇതു സംബന്ധിച്ച് കേസ് നടത്തിപ്പ് ഏറ്റെടുത്ത അഭിഭാഷകൻ രേഖകൾ വാങ്ങിക്കൊണ്ടു പോയെങ്കിലും കേസ് ഫയൽ ചെയ്തിരുന്നില്ല.
പത്തുലക്ഷം രൂപയ്ക്കുമുകളിൽ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതു ലഭിക്കാതെ വന്നതിനെത്തുടർന്നു അന്വേഷിച്ചപ്പോഴാണ് കേസ്ഫയൽ ചെയ്തിട്ടില്ലെന്ന് അറിയുന്നത്. അഭിഭാഷകന് നൽകിയ പണംമടക്കിനൽകുകയും നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ അഭിഭാഷകന്റെ ഓഫീസിനു മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് സുലോചന മുന്നറിയിപ്പ് നൽകി.