പട്ടയം കിട്ടാതെ 60 കുടുംബങ്ങൾ; സ്വയം കുടിയിറങ്ങാനും ഗതിയില്ല
1583142
Monday, August 11, 2025 11:37 PM IST
കരിമണ്ണൂർ: പട്ടയം നൽകുന്ന നടപടിയിൽ കരിമണ്ണൂർ തേക്കിൻകൂപ്പിനുള്ളിലെ അഞ്ചു ഗ്രാമങ്ങളെ അവഗണിച്ച് അധികൃതർ. ഭൂമിക്കു പട്ടയം ഇല്ലാത്തതിന്റെ പേരിൽ ഇവിടത്തുകാർ കാലങ്ങളായി ദുരിതമനുഭവിക്കുകയാണ്. സർ സിപിയുടെ കാലത്ത് നെൽ കൃഷിപ്രോത്സാഹനത്തിനായി പതിച്ചുനൽകിയതിൽ ഉൾപ്പെട്ടതാണ് ഈ ഭൂമി.
പിന്നീട് കൂടുതൽ കുടുംബങ്ങൾ ഈ ഭാഗത്തു കുടിയേറി താമസമാക്കി. കരിമണ്ണൂർ പഞ്ചായത്തിലെ കൊച്ചുകൂട്ടക്കല്ല്, കൂട്ടക്കല്ല്, മാങ്ങാത്തൊട്ടി, പഴുപ്ലാവ്, പനനിൽക്കുംതൊട്ടി എന്നീ ഗ്രാമങ്ങളിലെ അറുപതോളം കുടുംബങ്ങളാണ് അധികൃതരുടെ അവഗണനയിൽ കഴിയുന്നത്.
ഭൂരിപക്ഷം കുടുംബങ്ങൾക്കും പട്ടയം ലഭിച്ചിട്ടില്ല. ചിലരുടെ പകുതി ഭൂമിക്കു മാത്രമാണ് പട്ടയമുള്ളത്. നെയ്യശേരി വില്ലേജിൽ ഉൾപ്പെട്ടതാണ് ഈ മേഖല. വന്യമൃഗശല്യവും യാത്രാസൗകര്യങ്ങളുടെ അഭാവവും മൂലം കൊച്ചു കൂട്ടക്കല്ലിൽനിന്നും മാങ്ങാത്തൊട്ടിയിൽനിന്നും കുടുംബങ്ങൾ പൂർണമായും ഒഴിഞ്ഞുപോയി. മറ്റു ഗ്രാമങ്ങളിലാണ് അറുപതോളം കുടുംബങ്ങൾ താമസിക്കുന്നത്. പട്ടയത്തിന് അപേക്ഷ നൽകുമെങ്കിലും റവന്യുവകുപ്പ് തിരിഞ്ഞു നോക്കാറില്ലെന്നാണ് ഇവരുടെ പരാതി.
കയറിയിറങ്ങി മടുത്തു
പല കുടുംബങ്ങളും പതിറ്റാണ്ടുകളായി അപേക്ഷ നൽകി കാത്തിരിക്കുന്നവരാണ്. അപേക്ഷയിൽ തീരുമാനം അറിയാൻ കരിമണ്ണൂർ ഭൂപതിവ് ഓഫീസിൽ എത്തുന്പോൾ പിന്നീട് അറിയിക്കാമെന്നാണ് പതിവായുള്ള മറുപടി.
വനംവകുപ്പിന്റ റീബിൽഡ് കേരളാ പദ്ധതി പ്രകാരമുള്ള സ്വയം കുടിയിറങ്ങൽ പദ്ധതിയിൽ അപേക്ഷ നൽകി രണ്ടു കുടുംബങ്ങൾ ഇവിടെനിന്നു പോയി. മറ്റുള്ളവർ അപേക്ഷ നൽകിയിട്ടും ഇതുവരെ പരിഗണിച്ചിട്ടില്ല.
വിടെ പട്ടയം ഇല്ലാത്ത കുടുംബങ്ങൾക്കു സ്വയം കുടിയിറങ്ങൽ പദ്ധതിക്ക് അപേക്ഷിക്കാൻ കഴിയില്ലെന്നും പട്ടയം ഇല്ലാത്ത ഭൂമി വനഭൂമിയാണെന്നുമാണ് വനംവകുപ്പിന്റെ ഭാഷ്യം. പട്ടയം നൽകാൻ റവന്യു വകുപ്പ് തയാറായാൽ മാത്രമേ ഇവർക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാൻ കഴിയൂ. പട്ടയമില്ലാത്തതിനാൽ സർക്കാരിൽനിന്നുള്ള ആനുകൂല്യങ്ങളും ഇവർക്ക് അന്യമാണ്.