തെരുവുനായ ശല്യം: പൊറുതിമുട്ടി വ്യാപാരികൾ
1582782
Sunday, August 10, 2025 7:28 AM IST
തൊടുപുഴ: നഗരസഭയിലെ വെങ്ങല്ലൂരിൽ തെരുവുനായ ശല്യം വ്യാപകം. രാപകൽ ഭേദമില്ലാതെ ഇവിടെ തെരുവുനായ്ക്കൾ വിഹരിക്കുകയാണ്.
യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയായി ഇവിടെ തെരുവു നായ്ക്കൾ തന്പടിച്ചിരിക്കുകയാണ്. തൊടുപുഴ മേഖലയിലെ പ്രധാന മത്സ്യ മൊത്തവിപണനകേന്ദ്രത്തിനു സമീപത്തായാണ് തെരുവുനായ്ക്കളുടെ ശല്യം വ്യാപകമായിരിക്കുന്നത്.
നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചാൽ ഇവ വ്യാപാരികൾക്കു നേരേ പാഞ്ഞടുക്കുമെന്നും ഇവർ പറയുന്നു. നായ്ക്കളുടെ സംഘങ്ങളായതിനാൽ ജനങ്ങൾ അതീവ ഭീതിയോടെയാണ് ഇവയെ കാണുന്നത്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും മറ്റും ആവശ്യം.
ഇതിനിടെ എബിസി പദ്ധതി പ്രകാരം നഗരസഭാ പരിധിയിൽ അലഞ്ഞുതിരിയുന്ന തെരുവു നായ്ക്കളെ പിടി കൂടി വന്ധ്യംകരിക്കാൻ നഗരസഭ 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ എബിസി സെന്റർ സ്ഥാപിക്കാനുള്ള സ്ഥലം ലഭിക്കാത്തത് പ്രതിസന്ധിയായി. മലങ്കരയിൽ സ്ഥലം കണ്ടെത്തിയെന്നും ഇവിടെ സെന്റർ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും നഗരസഭാ ചെയർമാൻ കെ. ദീപക് പറഞ്ഞു.