കലുങ്ക് അപകട ഭീഷണിയിൽ; അധികൃതർക്കു കുലുക്കമില്ല
1583140
Monday, August 11, 2025 11:37 PM IST
കട്ടപ്പന: ഇരട്ടയാര്‍ നോര്‍ത്ത്- വെട്ടിക്കാമറ്റം പ്രകാശ് റോഡിലെ കലുങ്ക് അപകട ഭീഷണിയാകുന്നു.
2018ലെ പ്രളയത്തിൽ കലുങ്കിന്റെ കല്‍ക്കെട്ട് ഇളകിപ്പോയതോടെയാണ് അപകട സ്ഥിതിയിലായത്. ഇതോടെ കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്.
സംഭവമുണ്ടായ അന്നുതന്നെ നാട്ടുകാരും പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് വിഭാഗത്തെ അറിയിച്ചിരുന്നെങ്കിലും റിബണ്‍ കെട്ടി മടങ്ങിയതല്ലാതെ തുടര്‍ നടപടിയുണ്ടായിട്ടില്ല.
പിന്നീടുണ്ടായ എല്ലാ കാലവര്‍ഷത്തിലും അപകട സാധ്യത നാട്ടുകാർ ചൂണ്ടിക്കാണിക്കുമ്പോള്‍ ടാര്‍ വീപ്പ വച്ച് മുന്നറിയിപ്പ് നൽകുന്നതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.
ബസുകളും ടോറസ് ലോറികളുമടക്കം ഇതുവഴി കടന്നുപോകുന്നുണ്ട്.
അപകട ഭീഷണിയുള്ള ഭാഗത്തു ഭാരവാഹനങ്ങള്‍ ഒന്നു നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായാല്‍ കലുങ്ക് ഇടിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നിലവില്‍ സമീപത്തെ വ്യാപാരികൾ ഇതുവഴി കടന്നുവരുന്ന ഡ്രൈവര്‍മാരോട് അപകട മുന്നറിയിപ്പ് കൊടുത്താണ് കടത്തിവിടുന്നത്.