ഓണത്തിന് ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ
1582888
Sunday, August 10, 2025 11:34 PM IST
ഇടുക്കി: വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, ഒൻപത് ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോ നൽകുന്ന കിറ്റുകൾ.
കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണം ചെയ്യും. ഇവ ഉപയോഗിച്ച് സപ്ലൈകോയുടെ വില്പനശാലകളിൽനിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31വരെ വാങ്ങാം. ഓണത്തോടനുബന്ധിച്ച് 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും.
ഓണക്കാലത്ത് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും റെസിഡന്റ്സ് അസോസിയേഷനുകൾക്കും ദുർബല വിഭാഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്ന വെൽഫെയർ സ്ഥാപനങ്ങൾക്കും സപ്ലൈകോയുടെ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളും റെസിഡന്റ്സ് അസോസിയേഷനുകളും ക്ലബ്ബുകളും പദ്ധതിയിൽ സപ്ലൈകോയുമായി കൈകോർത്തിട്ടുണ്ട് .
ഓണത്തോടനുബന്ധിച്ച് സപ്ലൈകോ വില്പന ശാലകളിൽ 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളോ 10 മുതൽ 50 ശതമാനം വരെ വിലക്കുറവോ നൽകും.
സോപ്പ്, ഡിറ്റർജന്റുകൾ, ബ്രാൻഡഡ് ഭക്ഷ്യ ഭക്ഷ്യേതര ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഓഫറുകൾ നൽകും. സപ്ലൈകോയിൽനിന്ന് ആയിരം രൂപയിലധികം സാധനങ്ങൾ വാങ്ങുന്നവർക്കായി ലക്കി ഡ്രോ നടത്തി ഒരു പവൻ സ്വർണനാണയമടക്കം വിവിധ സമ്മാനങ്ങൾ വിജയികൾക്ക് നൽകും.