വൈദ്യുതി ബോർഡിന്റെ പിഴവിന് ബലിയാടായി ജനങ്ങൾ
1582774
Sunday, August 10, 2025 7:28 AM IST
തൊടുപുഴ: ഉദ്യോഗസ്ഥ പിഴവു മൂലം ഉപയോക്താവിന് കെഎസ്ഇബി നൽകിയ അമിത വൈദ്യുതി ബിൽ ഉപഭോക്തൃ പരാതി പരിഹാര ഫോറം റദ്ദാക്കി. തൊടുപുഴ മുണ്ടയ്ക്കാട്ട് പരേതനായ അഡ്വ. എം.എം. തോമസിന്റെ ഭാര്യ കൊച്ചുത്രേസ്യക്കാണ് വൈദ്യുതി ബോർഡ് അമിതമായ വൈദ്യുതി ബിൽ നൽകിയത്.
കഴിഞ്ഞ മേയ് 15ന് 4,089 രൂപ വൈദ്യുതി ബിൽ ഇവർ അടച്ചിരുന്നു. എന്നാൽ ഇതിനു ശേഷം 51,768 രൂപ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നുള്ള നോട്ടീസ് ലഭിച്ചു. ഇതേത്തുടർന്നാണ് ഇവർ എറണാകുളത്തെ ഉപഭോക്തൃ പരാതി പരിഹാര ഫോറത്തെ സമീപിച്ചത്.
എന്നാൽ കെഎസ്ഇബിയുടെ അവകാശ വാദം ഉപഭോക്തൃ കോടതി തള്ളിക്കളഞ്ഞു. തുടർന്ന് അമിത ബിൽ റദ്ദാക്കുകയും ബാധ്യതയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ബിൽ തയാറാക്കുന്നതിലും രേഖകൾ കൈകാര്യം ചെയ്യുന്നതിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും കോടതി നിർദേശിച്ചു.
തൊടുപുഴ നഗരസഭയിൽ ഒട്ടേറെ പേർക്ക് ഉദ്യോഗസ്ഥരുടെ പിഴവു മൂലം ഇത്തരത്തിൽ അമിത വൈദ്യുതിബിൽ ലഭിച്ചിരുന്നു. താത്കാലിക ജീവനക്കാരൻ വരുത്തിയ പിഴവാണ് അമിത ബിൽ വരാൻ ഇടയാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
പതിനായിരം മുതൽ അറുപതിനായിരം വരെ ബിൽ ലഭിച്ചവരുമുണ്ട്. തുക അടയ്ക്കാത്തതിനെത്തുടർന്ന് കണക്ഷൻ വിച്ഛേദിക്കാൻ വൈദ്യുതി ബോർഡ് നീക്കം ആരംഭിച്ചതിനെത്തുടർന്ന് നഗരസഭ അധികൃതർ ഇവരുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് തവണകളായി പണം അടയ്ക്കാൻ കെഎസ്ഇബി സാവകാശം നൽകിയതോടെയാണ് ഇവർക്ക് താത്കാലിക ആശ്വാസം ലഭിച്ചത്. പലരും രണ്ടു വർഷത്തോളമായി വൈദ്യുതി ബില്ലിനൊപ്പം ഈ തുക അടച്ചു വരികയാണ്.
തുകയ്ക്ക് അമിത പലിശയും പിഴ പലിശയും ഈടാക്കുന്നുണ്ട്. ഉപയോക്താക്കൾ ആദ്യഘട്ടത്തിൽ കോടതിയെ സമീപിച്ചെങ്കിലും തുക കോടതിയിൽ കെട്ടി വയ്ക്കണമെന്ന നിബന്ധനയെ തുടർന്ന് കേസിൽ നിന്നും പിൻമാറുകയായിരുന്നു. ഫലത്തിൽ വൈദ്യുതി ബോർഡ് വരുത്തിയ പിഴവിന് ബലിയാടായത് സാധാരണക്കാരായ ഉപയോക്താക്കളാണ്.