പീരുമേട്ടിൽ മൂന്നു തോട്ടങ്ങൾകൂടി പൂട്ടി
1583139
Monday, August 11, 2025 11:37 PM IST
പീരുമേട്: തേയില വ്യവസായ പ്രതിസന്ധി രൂക്ഷ മായതോടെ പീരുമേട്ടിൽ മൂന്ന് തേയിലത്തോട്ടങ്ങൾകൂടി അടച്ചുപൂട്ടി. ഇതോടെ അടഞ്ഞുകിടക്കുന്ന എസ്റ്റേറ്റുകളുടെ എണ്ണം ഏഴായി ഉയർന്നു. പ്രവർത്തിക്കുന്ന മറ്റു 13 തോട്ടങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
ഹെലിബറിയ, ചെമ്മണ്ണ്, ചിന്നാർ എസ്റ്റേറ്റുകളാണ് ലോക്കൗട്ട് ചെയ്തിരിക്കുന്നത്. തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും ഇവിടെ മുടങ്ങിയിരുന്നു. കൂടാതെ തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് അടയ്ക്കാതെയായിട്ട് 58 മാസങ്ങൾ കഴിഞ്ഞു. നിലനി ചീന്തലാർ, ലോൺട്രി, ബോണാമി, കോട്ടമല തോട്ടങ്ങൾ വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്.
തേങ്ങാക്കൽ, മഞ്ചുമല, ഗ്രാമ്പി, പശുമല, നെല്ലിമല, ഇഞ്ചിക്കാട്, പാമ്പനാർ, ഗ്ലെൻമേരി, ലാഡ്രം, കോഴിക്കാനം, മൗണ്ട് , തങ്കമല എസ്റ്റേറ്റുകളും കടുത്ത പ്രതിന്ധിയിലാണ്. മൂന്ന് മുതൽ അഞ്ചു മാസങ്ങളുടെ വരെ ശമ്പള കുടിശിക നിലനിൽക്കുന്നതിനാൽ തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിലാണ്. ഫാക്ടറികൾ പ്രവർത്തിക്കാത്തതിനാൽ ചായപ്പൊടി ഉത്പാദനം മുടങ്ങിയിരിക്കുകയാണ്.
നുള്ളിയെടുക്കുന്ന പച്ചക്കൊളുന്ത് വിൽപ്പന നടത്തിയാണ് പല തോട്ടങ്ങളും മുന്നോട്ടു നീങ്ങുന്നത്. ചായപ്പൊടി ഉത്പാദനം നിലച്ചതാണ് എസ്റ്റേറ്റുകളെ പ്രധാനമായും സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എസ്റ്റേറ്റുകളിൽനിന്നു ലഭിക്കുന്ന വരുമാനം കൊണ്ടു മുന്നോട്ടുപോകാൻ കഴിയുന്നില്ല. ഇതാണ് ശമ്പള കുടിശികയ്ക്കു ഇടയാക്കുന്നതെന്ന് മാനേജ്മെന്റുകൾ പറയുന്നു.