നഗരസഭാ പാർക്കിന്റെ മുഖം മിനുക്കുന്നു
1582785
Sunday, August 10, 2025 7:28 AM IST
തൊടുപുഴ: നഗരസഭാ പാർക്കിന്റെ മുഖം മിനുക്കുന്നു. ഇതിനായി 24 ലക്ഷം രൂപ നേരത്തേ വകയിരുത്തിയിരുന്നു. പുതിയ കളി ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനു 12 ലക്ഷം രൂപയും മെയിന്റനൻസിന് 12 ലക്ഷവും ഉൾപ്പെടെയാണ് 24 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്നത്.
കളി ഉപകരണങ്ങൾക്കുള്ള ഓർഡർ നൽകി. അടുത്ത ദിവസം തന്നെ ഇവ സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കും. പാർക്കിന്റെ മെയിന്റനൻസിനുള്ള എസ്റ്റിമേറ്റും തയാറാക്കിയിട്ടുണ്ട്. ടെൻഡർ നടപടി പൂർത്തീകരിച്ച് ഈ ജോലിയും വേഗത്തിൽ തീർക്കാനാണ് ശ്രമമെന്നു നഗരസഭാ ചെയർമാൻ കെ. ദീപക് പറഞ്ഞു.
പുതിയ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനു തടസമായി നിന്നതും അപകടഭീഷണിയായതുമായ മരങ്ങളുടെ ചില്ലകൾ ഇന്നലെ വെട്ടിനീക്കി.
വിനോദത്തിനായി നഗരസഭ പ്രദേശത്തെയും സമീപ പഞ്ചായത്തുകളിലേയും നിരവധിരക്ഷിതാക്കളാണ് കുട്ടികളെയുമായി പാർക്കിൽ എത്തുന്നത്. മഴക്കാലമായതിനാൽ പാർക്ക് അടച്ചിട്ടിരിക്കുകയാണ്. അടുത്തദിവസം തന്നെ പാർക്ക് തുറക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്.