ഡോ. ദിനേശൻ ചെറുവാട്ട് ജില്ലയുടെ പുതിയ കളക്ടർ
1582887
Sunday, August 10, 2025 11:34 PM IST
തൊടുപുഴ: ജില്ലയുടെ പുതിയ കളക്ടറായി ഡോ. ദിനേശൻ ചെറുവാട്ട് ഇന്ന് രാവിലെ ചുമതലയേൽക്കും. പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരുന്ന ദിനേശൻ ചെറുവാട്ട് കണ്ണൂർ സ്വദേശിയാണ്. കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറിയായി വി. വിഗ്നേശ്വരി മാറുന്ന ഒഴിവിലാണ് പുതിയ കളക്ടർ എത്തുന്നത്.
സുവോളജിയിൽ പിഎച്ച്ഡി ബിരുദധാരിയാണ് ഡോ. ദിനേശൻ ചെറുവാട്ട്. ഫിഷറീസ് വകുപ്പിൽ കാൽ നൂറ്റാണ്ടോളം പ്രവർത്തിച്ച ഇദ്ദേഹം അസിസ്റ്റന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. മത്സ്യഫെഡ് എംഡിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള ബയോഡൈവേഴ്സിറ്റി ബോർഡ് മെംബർ സെക്രട്ടറി, അഡാക് എക്സിക്യൂട്ടീവ് ഡയറക്ടർ, വാട്ടർ അഥോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടർ, കേരള കോസ്റ്റൽ സോണ്‍ മാനേജ്മെന്റ് അഥോറിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. സംസ്ഥാന തണ്ണീർത്തട അഥോറിറ്റി അംഗമാണ്. അഞ്ച് പുസ്തകങ്ങളുടെ രചയിതാവുമാണ് ഡോ. ദിനേശൻ.