കനാൽ റോഡിൽ കാടുകയറി; പാന്പുശല്യം രൂക്ഷം
1582889
Sunday, August 10, 2025 11:34 PM IST
തൊടുപുഴ: ഇടവെട്ടി കനാൽ റോഡിന്റെ ഇരുവശവും കാടു വളർന്നു നിൽക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമെന്ന് പരാതി. തെക്കുംഭാഗം മുതൽ ഇടവെട്ടി വരെയുള്ള കനാൽ റോഡരികിലാണ് വലിയ പൊക്കത്തിൽ കാടു വളർന്നുനിൽക്കുന്നത്.
നൂറു കണക്കിന് വിദ്യാർഥികളും കാൽനടക്കാരും സഞ്ചരിക്കുന്ന പാതയാണ് കനാൽ റോഡ്. എന്നാൽ ഇരുവശവും കാടുപിടിച്ചു കിടക്കുന്നതിനാൽ മാരക വിഷമുള്ള ഇഴജന്തുകളുടെ ശല്യം മൂലം ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രഭാതസവാരിക്ക് ഇറങ്ങിയവർ കഷ്ടിച്ചാണ് പാന്പുകടി ഏൽക്കാതെ രക്ഷപ്പെട്ടത്.
എംവിഐപിയും പഞ്ചായത്ത് അധികൃതരും അടിയന്തരമായി ഇടപെട്ട് കനാൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.