പ്ലാക്കത്തടത്ത് കാട്ടാന വീടുകളുടെ ജനാലകൾ തകർത്തു
1583138
Monday, August 11, 2025 11:37 PM IST
പീരുമേട്: പ്ലാക്കത്തടത്ത് നാലു വീടുകൾക്ക് നേരേ കാട്ടാനയാക്രമണം. ജനൽച്ചില്ലുകൾ ഉൾപ്പെടെ അടിച്ചു തകർത്തു. ശനിയാഴ്ച രാത്രി ആണ് സംഭവം.
പാലോലിയിൽ പി.കെ. കൃഷ്ണൻകുട്ടിയുടെ വീടിന്റെ ജനാലയാണ് ആന നശിപ്പിച്ചത്. പാലയ്ക്കത്തടത്തിൽ പി.ആർ. തങ്കച്ചന്റെ വീടിനോട് ചേർന്നു ബേക്കറിക്കായി പണികഴിപ്പിച്ച ഷെഡും ഇവിടെ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ അടക്കമുള്ള സാധനസാമഗ്രികളും തല്ലിത്തകർത്തു. വാളാംതോട്ടിൽ ഷെറിന്റെ അടുക്കളവശത്ത് എത്തിയ ആന ഭിത്തികൾ ഇടിച്ചു നശിപ്പിച്ചു. പടിഞ്ഞാറെപ്പുരയ്ക്കൽ പി.കെ. സാബുവിന്റെ വീടിന്റെ സിറ്റൗട്ടിൽ കയറിയാണ് ആന നാശം വിതച്ചത്. പ്രദേശവാസികൾ ബഹളം കൂട്ടിയും പടക്കം പൊട്ടിച്ചുമാണ് മണിക്കൂറുകൾക്കു ശേഷം കാട്ടാനകളെ ഇവിടെനിന്നു മാറ്റിയത്.
വീടുകളിലെത്തി ആനക്കൂട്ടം ആക്രമണം തുടങ്ങിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായിട്ടുണ്ട്.പ്ലാക്കത്തടം മേഖലയിൽ നാളുകളായി തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം കർഷകരുടെ പുരയിടങ്ങളിലെ വിളകൾ വ്യാപകമായി നശിപ്പിച്ചിരുന്നു.
വലിയ സാമ്പത്തികനഷ്ടം സംഭവിച്ചതിനെത്തുടർന്ന് ഇവിടെ കർഷകർ കൃഷി ഉപേക്ഷിച്ചുതുടങ്ങി. പ്ലാക്കത്തടം, തോട്ടാപ്പുര മേഖലകളിലായി ഒരു ഡസൻ ആനകളാണ് തമ്പടിച്ചിരിക്കുന്നത്.