ഉപ്പുതറ വില്ലേജിൽ വെരിഫിക്കേഷൻ വൈകുന്നു ; കരം അടയ്ക്കാൻ കഴിയാതെ കർഷകർ
1582892
Sunday, August 10, 2025 11:34 PM IST
ഉപ്പുതറ: ഉപ്പുതറ വില്ലേജിൽ കരം അടയ്ക്കാൻ കഴിയാതെ കർഷകർ വലയുന്നു.
രാജമാണിക്യം റിപ്പോർട്ടിൽ ഉൾപ്പെടാത്ത കർഷകർക്കാണ് കംപ്യൂട്ടർ വെരിഫിക്കേഷൻ നടക്കാത്തതിനാൽ കരം അടയ്ക്കാൻ കഴിയാതെ വന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഉപ്പുതറ വില്ലേജിൽ കരം അടയ്ക്കാൻ കഴിയുന്നില്ല.
കഴിഞ്ഞ വർഷം കരം അടച്ച കർഷകരാണ് പുതിയ വർഷം കരം അടയ്ക്കാനാകാത്ത സാഹചര്യമുള്ളത്. ഇതിൽ കർഷകരുടെ ബാങ്ക് വായ്പ മുടങ്ങുകയും ധനസഹായം നഷ്ടപ്പെടുകയും ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ വർഷം കരം അടച്ച കർഷകർ ഈ വർഷം കരം അടയ്ക്കാൻ ചെന്നപ്പോഴാണ് തടസം പുറത്തായത്. ബാങ്ക് വായ്പക്കും പി എം കിസാൻ യോജനയുടെ ധനസഹായത്തിനുമായാണ് കർഷകർ കരം അടയ്ക്കാൻ വില്ലേജ് ഓഫീസിൽ എത്തിയത്. കംപ്യൂട്ടറിൽ തഹസിൽദാർ വെരിഫിക്കേഷൻ നടത്തിയാൽ മാത്രമേ കരം അടയ്ക്കാൻ കഴിയു.
കരം അടയ്ക്കാൻ കഴിയാത്തതിനാൽ പുതിയ വായ്പ എടുക്കാനോ പഴയത് പുതുക്കാനോ കഴിയുന്നില്ല. പിഎം കിസാൻ യോജനയിൽനിന്നു 2,000 രൂപ വീതമുള്ള ധനസഹായവും കർഷകർക്ക് നഷ്ടപ്പെട്ടു. യഥാസമയം റവന്യു ഉദ്യോഗസ്ഥർ വെരിഫിക്കേഷൻ നടപടി പൂർത്തിയാക്കി നൽകാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. കരം അടയ്ക്കാൻ കഴിയാത്തതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.