കിരാത നിയമങ്ങളിൽ ജില്ലയിലെ ജനങ്ങൾ അരക്ഷിതർ: വി.ഡി. സതീശൻ
1596593
Friday, October 3, 2025 11:29 PM IST
അടിമാലി: ഇടുക്കിയിലെ ജനങ്ങൾ ഭൂപ്രശ്നങ്ങളും കിരാത നിയമങ്ങളും മൂലം അരക്ഷിതരാണെന്നും അവരുടെ സങ്കടങ്ങളിൽനിന്ന് ഉടലെടുത്ത വികാരമാണ് ഇടുക്കിയിലെ കർഷക പോരാട്ടങ്ങളെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അടിമാലിയിൽ നടന്ന കർഷക കോണ്‍ക്ലേവിൽ വിവിധ മേഖലകളിൽനിന്നുള്ള പ്രതിനിധികൾ ഉന്നയിച്ച നിർദേശങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സംസ്ഥാനതലത്തിൽ കർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സർക്കാർ ഭൂപ്രശ്നങ്ങളിൽ കോടതികളിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചതാണ് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും തിരിച്ചടികൾക്ക് കാരണം.
ദേശീയപാത 85ന്റെ വികസനത്തിലും ഹൈക്കോടതിയിൽ നിർമാണം തടസപ്പെടുത്താൻ 14.5 കിലോമീറ്റർ വനമാണെന്ന സത്യവാങ്മൂലമാണ് സർക്കാർ നൽകിയത്. ഭൂപതിവ് ചട്ടഭേദഗതിയിലൂടെ ജനങ്ങളുടെ പോക്കറ്റടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
യുഡിഎഫ് അധികാരത്തിൽ വരുന്പോൾ ഫീസ് പിരിക്കാതെ നടപടിക്രമം ലളിതമാക്കി ഭാവിയിൽ ഒരു നിർമാണങ്ങൾക്കും തടസമുണ്ടാകാത്ത രീതിയിൽ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ഉദ്യോഗസ്ഥരും, അതിന് കൂട്ടുനിൽക്കുന്ന മന്ത്രിമാരുമാണ് കാടൻ നിയമങ്ങളിലൂടെ ജനങ്ങളെ ദ്രോഹിക്കുന്നത്.
പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുംവരെ കൂടെയുണ്ടാകുമെന്നും വാക്കാണ് ഏറ്റവും വലുതെന്നും ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കും എന്നുള്ളത് കോണ്‍ക്ലേവിന് നൽകുന്ന ഉറപ്പാണെന്നും സതീശൻ പറഞ്ഞു. അഡ്വ. ഡീൻ കുര്യാക്കോസ് എംപി മോഡറേറ്ററായിരുന്നു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, മുൻ എംഎൽഎമാരായ അഡ്വ. ഇ.എം. ആഗസ്തി, എ.കെ. മണി തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.ആർ. വിനോദ്, അഡ്വ. നൈജു രവീന്ദ്രനാഥ്, നൗഫൽ ബാഫക്കി, ജയിംസ് കരിമല, കെ.കെ. രാജൻ, പി.ആർ. സന്തോഷ്, ഫാ. ജോസ് മംഗലത്ത്, സത്യൻ, മാത്യു ജോസ്, പി.എം. ബേബി, പ്രഫ. ജോസുകുട്ടി ജെ. ഒഴുകയിൽ, സത്യൻ ജോർജ് എന്നിവർ ഇടുക്കിയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പങ്കുവച്ചു.
-കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ അടിമാലിയിൽ സംഘടിപ്പിച്ച കർഷക കോണ്‍ക്ലേവിൽ ജില്ലയിലെ വിവിധ തലങ്ങളിലുള്ളവർ ഉന്നയിച്ച വിഷയങ്ങൾ:
മനുഷ്യത്വ പരിഗണനയില്ല:
ഫാ. ജിൻസ് കാരയ്ക്കാട്ട്
ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ ചട്ടം പരിഷ്കരിക്കണമെന്നാണ് ഇതുവരെ ആവശ്യപ്പെട്ടിരുന്നത്. പരിഷ്കരണം വന്നപ്പോൾ ഇതു വേണ്ടായിരുന്നുവെന്നാണ് തോന്നുന്നത്. ഈ കാലഘട്ടത്തിൽ കൂരവച്ച് കൃഷി ചെയ്യാൻ മാത്രമേ അവകാശമുള്ളൂ എന്നത് മനുഷ്യത്വപരമായ പരിഗണനയല്ലെന്ന് ചട്ടങ്ങളിലൂടെ മനസിലാക്കാനാകും. ഇങ്ങനെ ജീവിക്കാനാണ് ജനത്തെ അനുവദിക്കുന്നുള്ളൂ എങ്കിൽ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നത്. അതിനാൽ ഭൂപതിവ് ഭേദഗതി ജനങ്ങൾക്ക് ഗുണകരമാകില്ല.
ഒരേക്കർ ഭൂമി നൽകണം:
കോഴിമല രാജാവ്
പട്ടികവർഗ വിഭാഗത്തോടു കാണിക്കുന്ന നീതികേട് അവസാനിപ്പിക്കണമെന്നും പട്ടയം നൽകാത്തതിനാൽ ഏക്കർ കണക്കിന് ഭൂമിയാണ് അന്യാധീനപ്പെട്ടു പോകുന്നതെന്നും കോഴിമല രാജാവ് രാമൻ രാജമന്നാൻ.
വനാവകാശ നിയമപ്രകാരം പതിച്ചു നൽകിയ ഭൂമി തിരികെ ആദിവാസി ജനവിഭാഗങ്ങൾക്കുതന്നെ നൽകണം. ഇതിനുപുറമേ ആദിവാസികൾക്ക് ഒരേക്കറിൽ കുറയാതെ ഭൂമി നൽകുമെന്ന ഉത്തരവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. ഈ ഭൂമി അവകാശപ്പെട്ടവരിലേക്ക് എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷകരോട് കൊടും ചതി:
ഫാ. എൽദോ പുളിഞ്ചോട്
ഇടുക്കിയിലെ കുടിയേറ്റക്കാരെ വനം കൊള്ളക്കാർ എന്നു ചിത്രീകരിക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്. ദേശീയപാത വിഷയത്തിലും പട്ടയ വിഷയത്തിലും ഉദ്യോഗസ്ഥരുടെ നീതിരഹിതമായ നടപടി എടുത്തുമാറ്റി ശാശ്വതമായ പരിഹാരം കാണണം. വിവിധയിടങ്ങളിലെ വന്യജീവി ആക്രമണങ്ങൾക്ക് കർഷകർക്ക് ശാശ്വതമായ പരിഹാരം വേണം.
ജില്ലയിൽ ഒരു ഹൃദ്രോഗ ചികിത്സയ്ക്കുള്ള ആശുപത്രി സൗകര്യം ഒരുക്കണം. ഇക്കാര്യങ്ങളിൽ പല വാഗ്ദാനങ്ങളും നൽകിയിട്ടുണ്ടെങ്കിലും ഒന്നിലും നടപടിയുണ്ടായിട്ടില്ല.
വന്യജീവി ആക്രമണത്തിന് പരിഹാരം വേണം: കെ.എസ്. അനിൽകുമാർ
ഇടുക്കിയെ ഇപ്പോഴും പിന്നാക്ക ജില്ലയായാണ് വിലയിരുത്തുന്നതെന്ന് എൻഎസ്എസ് പ്രതിനിധി കെ.എസ്. അനിൽകുമാർ. ഒരിക്കലും വികസനം എത്താത്ത നാടാണ് ഇടുക്കിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കാർഷിക മേഖലയിലെ പ്രധാന പ്രശ്നങ്ങളയ വന്യജീവി ആക്രമണവും പട്ടയ പ്രശ്നങ്ങളും കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇക്കാരണങ്ങളാൽ ഏലത്തോട്ടങ്ങൾ പലതും കൃഷി ചെയ്യാനാകുന്നില്ല.
ആരാധനാലയങ്ങളുടെ ഭൂമിക്ക് പട്ടയം നൽകണം: ഫാ. ടി.എസ്. ബിജോയി
ആരാധനാലയങ്ങളുടെ മുഴുവൻ കൈവശ ഭൂമികൾക്കും പട്ടയം നൽകണമെന്ന് ഫാ. ബിജോയി സിഎസ്ഐ ആവശ്യപ്പെട്ടു. ആരാധനാലയങ്ങളുടെ കൈവശമുള്ള ഒരേക്കർ ഭൂമിക്ക് പട്ടയം നൽകുമെന്ന നിയമത്തിൽ മാറ്റംവരുത്തണം.
പള്ളിയും പരിസരവും ഒരേക്കറിന് മുകളിലുള്ളയിടങ്ങളിലെ സെമിത്തേരി എന്തുചെയ്യും. അതിനാൽ കൈവശമുള്ള മുഴുവൻ ഭൂമിക്കും പട്ടയം നൽകാനുള്ള നടപടി സർക്കാർ സ്വീകരിക്കണം. ജില്ലയിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയും ഇതുമൂലം ജീവൻ നഷ്ടപ്പെട്ട കുടുംബത്തിലെ ആശ്രിതർക്ക് സർക്കാർ ജോലി ഉറപ്പുവരുത്തുകയും വേണം. വനത്തിനുള്ളിലെ ആദിവാസി കൃഷിയിടങ്ങളെ സംരക്ഷിക്കുകയും വനവിഭവങ്ങൾ ശേഖരിക്കാനുള്ള അവകശം ആദിവാസി സമൂഹത്തിന് നൽകുകയും ചെയ്യണം. കർഷകരുടെ ജീവിതമാണ് ഇടുക്കിയുടെ സ്വത്തെന്ന് ഭരണകൂടം മനസിലാക്കണം.
റസാക്ക് ചൂരവേലി
ഭൂമി സംബന്ധമായ വിഷയത്തിൽ ഇടതുപക്ഷ നയം ജനങ്ങൾക്ക് അനുകൂലമാകില്ലെന്ന് ആയിരംതവണ ഞങ്ങൾ ഉറപ്പിച്ചുകഴിഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഉന്നയിക്കുന്പോൾ 35,000 ബ്രാഞ്ചുകളുള്ള സിപിഎം പറയുന്നത് ഞങ്ങൾ തെരുവിൽ കൈകാര്യം ചെയ്യുമെന്നാണ്.
ഇപ്പോൾ ഇടുക്കിയിലെ ജനങ്ങൾ വെറും പ്രജകൾ മാത്രമാണ്. ഞങ്ങളെ പൗരൻമാരാക്കി മാറ്റാനും അഭിപ്രായം പറയാനും വിഷയങ്ങൾ അവതരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണം.
ഇടുക്കിയിലെ ജനങ്ങൾ
അടിമകളല്ല: ഫാ. ജോസ് മംഗലത്ത്
ഇടുക്കിയുടെ പ്രശ്നം എന്നത് ജീവൽ പ്രശ്നമാണ്. ഒരു കുടുംബവും വ്യക്തികളും അടിമകളെപ്പോലെ ജീവിക്കുന്ന അവസ്ഥയാണ്. ജനങ്ങൾ അടിമകളല്ല അവകാശികളാണെന്നു തിരിച്ചറിഞ്ഞ് അവർക്ക് എല്ലാ സ്ഥലത്തും പ്രവർത്തിക്കുന്നതിനുള്ള അധികാരവും അവകാശവും നൽകണം.
ജനങ്ങളുടെ വേദനയറിയുന്ന നേതാക്കൻമാർ ഉണ്ടാകുക എന്നതാണ് ഇടുക്കിയിലെ ഇപ്പോഴത്തെ ആവശ്യം.
പച്ചക്കറി സംഭരണം:
കുടിശിക നൽകണം-കർഷകർ
വട്ടവട ഇടുക്കിയിൽ ആണോ എന്ന സംശയമാണ് ഇവിടുത്തെ ജനങ്ങൾക്കുള്ളത്. പട്ടയ വിഷയത്തിലും കാർഷിക മേഖലയിലെ വിഷയങ്ങളിലും ശാശ്വത പരിഹാരം കണ്ടെത്തിയിട്ടില്ല.
കേരളത്തിലെ കാർഷിക വിപണിയിലേക്ക് 20 ശതമാനത്തോളം പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നത് വട്ടവട പഞ്ചായത്തിൽനിന്നാണ്. 2020 വരെ ഹോർട്ടികോർപ്പ് മുഖേനയാണ് കർഷകരിൽനിന്ന് പച്ചക്കറികൾ ശേഖരിച്ച് കയറ്റി അയച്ചിരുന്നത്.
ഇതിനുശേഷം കയറ്റി അയച്ച പച്ചക്കറികൾ ചീഞ്ഞുപോയി എന്നു പറഞ്ഞ് കർഷകരെ വഞ്ചിക്കുകയാണ്. ഈ വകയിൽ ഒന്നരക്കോടി രൂപയാണ് കർഷകർക്ക് ലഭിക്കാനുള്ളത്.