പെൺകുട്ടിയുടെ മരണം: ആക്ഷൻ കൗണ്‍സിൽ സമരത്തിന്
1596598
Friday, October 3, 2025 11:29 PM IST
ഉപ്പുതറ: പത്തേക്കർ വേന്പുംമൂട്ടിൽ ബിനുകുമാറിന്റെ മകൾ അബിത ആത്മഹത്യ ചെയ്ത സംഭവത്തിൽ ലോക്കൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിനെതിരേ സമരവുമായി രംഗത്തിറങ്ങാനും നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. എ.ടി. ബൈജു കണ്ടത്തിൻകരയിൽ-പ്രസിഡന്റ്, രാജാ ബാലു- വൈസ്പ്രസിഡന്റ്, ബാബു മേച്ചേരിൽ-സെക്രട്ടറി, ചാക്കാറയിൽ സുമേഷ്-ജോയിന്റ് സെക്രട്ടറി എന്നിവർ ഭാരവാഹികളായി ആക്ഷൻ കൗണ്‍സിലും രൂപീകരിച്ചു. കഴിഞ്ഞ മേയ് 24നാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മയക്കുമരുന്ന് ലോബിയുടെ സമ്മർദമാണോ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് നാട്ടുകാർ സംശയം ഉന്നയിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ അഞ്ചുമാസമായിട്ടും പോലീസ് ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തിയില്ല. ഇതേത്തുടർന്നാണ് നാട്ടുകാർ ആക്ഷൻ കൗണ്‍സിൽ രൂപവത്കരിച്ച് സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇതുസംബന്ധിച്ച് ഉന്നതാധികൾക്ക് പരാതി നൽകുമെന്നും ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ അറിയിച്ചു.