വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം വസ്തുതാ വിരുദ്ധം: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കാഞ്ഞിരപ്പള്ളി രൂപത സമിതി
1596595
Friday, October 3, 2025 11:29 PM IST
കാഞ്ഞിരപ്പള്ളി: അനേക വർഷങ്ങളായി ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ ജോലി ചെയ്യുന്ന നിസഹായരായ അധ്യാപകരെ പരിഹസിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കാഞ്ഞിരപ്പള്ളി രൂപത സമിതി. ജാതിയും മതവും വച്ച് സർക്കാരിനെ വിരട്ടാനാണ് ക്രൈസ്തവ മാനേജ്മെന്റുകൾ ശ്രമിക്കുന്നതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ അപക്വമായ പ്രസ്താവന അംഗീകരിക്കുന്ന രീതിയിലുള്ള അപകടകരമായ നിശബ്ദതയാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികളും പ്രമുഖ അധ്യാപക സംഘടനകളും പുലർത്തുന്നത്. ഇത് തികച്ചും പ്രതിഷേധാർഹമാണ്.
ഭിന്നശേഷി വിഭാഗത്തിലുള്ള അധ്യാപകരെ നിയമപ്രകാരമുള്ള ഒഴിവുകളിൽ നിയമിക്കുന്നതിന് ക്രൈസ്തവ മാനേജ്മെന്റുകൾ തയാറാണ്. ഇതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നത് സർക്കാരാണെന്ന വസ്തുത മറച്ചുവച്ചു കൊണ്ട് അർധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുകയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന അധ്യാപകരെ നിയമിക്കുമെന്ന് പറഞ്ഞിരുന്ന സർക്കാരിന് അത് ചെയ്യുന്നതിന് സാധിച്ചില്ല. ഇപ്പോൾ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും സമിതികൾ രൂപീകരിച്ച് ഭിന്നശേഷി അധ്യാപക നിയമനം നടത്തുമെന്ന് പറയുന്ന സർക്കാരിന് സമയബന്ധിതമായി കാര്യങ്ങൾ ചെയ്യുന്നതിന് സാധിക്കുന്നില്ല.
നിയമന യോഗ്യതയുള്ള ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന അധ്യാപകർ ആവശ്യത്തിന് ലഭ്യമല്ലെന്ന യാഥാർഥ്യം മനസിലാക്കാതെ ഏറെക്കാലമായി നിയമനാംഗീകാരം പ്രതീക്ഷിച്ച് കഴിയുന്ന ആയിരക്കണക്കിന് എയ്ഡഡ് സ്കൂൾ അധ്യാപകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിടുന്ന നിലപാടാണ് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
ശമ്പളമില്ലാതെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന അധ്യാപകർ, ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ സമരത്തെ രാഷ്ട്രീയ പ്രേരിതമെന്ന് വിളിച്ച് ആക്ഷേപിക്കുന്നതിനാണ് വിദ്യഭ്യാസമന്ത്രി ശ്രമിക്കുന്നത്.
അധ്യാപകരുടെ പ്രശ്നത്തിൽ സഭാ നേതൃത്വം ഇടപെടുന്നതിനെ വിമോചന സമരവുമായി ബന്ധപ്പെടുത്തിയാണ് സർക്കാർ കാണുന്നത്. കോടതി വിധിയെ തുടർന്ന് എൻഎസ്എസ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ നിയമനങ്ങൾക്കും അംഗീകാരം നൽകാൻ തയാറായ സർക്കാർ മറ്റു മാനേജ്മെന്റുകളോട് കടുത്ത വിവേചനമാണ് കാണിക്കുന്നത്.
കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ക്രിസ്ത്യൻ എയ്ഡഡ് സ്ഥാപനങ്ങൾ ഇന്ന് തീർത്തും അവഗണിക്കപ്പെടുന്നു. ജോലിക്ക് അർഹമായ കൂലി ലഭിക്കണമെങ്കിൽ നിയമന അധികാരികളായ മാനേജ്മെന്റുകൾ കോടതിയെ സമീപിക്കണമെന്ന സർക്കാർ നിലപാടിനെ അനുകൂലിക്കുന്നവരോടുള്ള അധ്യാപകരുടെ സമീപനം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തമാകുമെന്നും രൂപത സമിതി അറിയിച്ചു.
പ്രതിഷേധ യോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപത ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ. ഏബ്രഹാം കൊച്ചുവീട്ടിൽ, പ്രസിഡന്റ് വിൻസെന്റ് ജോർജ്, സെക്രട്ടറി സിറിയക് മാത്യു, എക്സിക്യൂട്ടിവ് അംഗങ്ങളായ റോബി കെ. തോമസ്, ഷെറിൻ മേരി ജോൺ, തോമസ് പി. ഡൊമിനിക്, ആൽബിൻ പാലക്കുടി, ജോമോൻ ജോസഫ്, റോണി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.