മൂലമറ്റത്ത് പവർഹൗസ് മോഡലും ഇടുക്കിയിൽ ലേസർഷോയും
1596602
Friday, October 3, 2025 11:29 PM IST
തൊടുപുഴ: മൂലമറ്റം പവർഹൗസ് മിനിയേച്ചർ മാതൃക ടൂറിസം പദ്ധതി, ഇടുക്കി ഡാം ലേസർ ഷോ പ്രോജക്ട് തുടങ്ങി കെഎസ്ഇബിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി ഉന്നതതല യോഗം ചേർന്നു. തുടർന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വിദഗ്ധസംഘം പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു.
സുരക്ഷാ കാരണങ്ങളാൽ പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കുന്നത് പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് മിനിയേച്ചർ മാതൃക നിർമിച്ച് ജനങ്ങൾക്ക് പവർഹൗസിന്റെ പ്രവർത്തനം ബോധ്യപ്പെടുത്തുന്ന പദ്ധതി നടപ്പാക്കുന്നത്. രണ്ടര ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
മിനിയേച്ചർ സ്ഥാപിക്കുന്നതിന് മൂലമറ്റത്ത് എകെജിപാലത്തിനു സമീപവും കനാലിനു സമീപവുമുള്ള സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. ഇതിന്റെ രേഖകൾ പരിശോധിച്ച് പദ്ധതി തയാറാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചു. മൂലമറ്റം ഫയർസ്റ്റേഷൻ സ്ഥാപിക്കുന്നതിനായി 4.99 കോടിയുടെ ഭരണാനുമതിയായി. വിദഗ്ധ സംഘം ഈ സ്ഥലവും പരിശോധിച്ചു.
മൂലമറ്റത്ത് സബ് രജിസ്ട്രാർ ഓഫീസും സബ് ട്രഷറി ഓഫീസും സ്ഥാപിക്കാൻ പണം അനുവദിച്ചെങ്കിലും സ്ഥലം ലഭ്യമായിരുന്നില്ല. കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം കെഎസ്ഇബി ഉടമസ്ഥതയിലുള്ള സ്ഥലം ഇതിനായി കണ്ടെത്തിയിരുന്നു. ഇവിടെയും സംഘം സന്ദർശനം നടത്തി. ആധുനിക രീതിയിൽ മൂലമറ്റത്ത് നിർമിക്കുന്ന ശ്മശാനത്തിനായും സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
നാടുകാണിയിൽ ടൂറിസ്റ്റുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന് കെഎസ്ഇബി ഹൈഡൽ ടൂറിസം വിഭാഗത്തെ ചുമതലപ്പെടുത്തി. കുളമാവ് ഡാമിന് സമീപത്തുള്ള സ്ഥലം ടോയ്ലറ്റ് കോംപ്ലക്സ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ നടപ്പാക്കി യാത്രക്കാർക്കായി തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കും. ഈ ഭാഗത്തെ റോഡ് വീതി കൂട്ടി അപകടകരമായ വളവ് ഒഴിവാക്കും. ഇതിനായി വനം, വൈദ്യുതി, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത യോഗം ഉടൻ വിളിച്ചു ചേർക്കാൻ മന്ത്രി നിർദേശിച്ചു.
ഇടുക്കി, ചെറുതോണി ഡാമുകളിൽ സന്ദർശനത്തിന് കൂടുതൽ ടൂറിസ്റ്റുകൾക്ക് അവസരം നൽകും. ഇതിനായി അധികമായി ജീവനക്കാരെ നിയോഗിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ഹൈഡൽ ടൂറിസം വിഭാഗം സ്വീകരിക്കും. കുളമാവ് വടക്കേപ്പുഴയിൽ കുട്ടവഞ്ചി സഫാരി പ്രോജക്ട് കമ്മീഷൻ ചെയ്യുന്നതിന് കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം അനുമതി നൽകി. ഈ സാഹചര്യത്തിൽ പദ്ധതി നടപ്പാക്കാൻ ഹൈഡൽ ടൂറിസം വിഭാഗത്തിന് നിർദേശം നൽകി.
ഇടുക്കി ഡാം ലേസർ ഷോ പ്രോജക്ട് നടപ്പാക്കാമെന്ന് ഐഐടി ചെന്നൈയുടെ സ്ട്രക്ചറൽ എൻജിനിയറിംഗ് വിഭാഗം പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം പദ്ധതിക്ക് എൻഒസി നൽകിയിട്ടുണ്ട്. പ്രാഥമിക പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ജില്ലയുടെ വികസനത്തിന് മുതൽക്കൂട്ടാകുന്നതാണ് ഈ പദ്ധതികളെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയമായി നേരത്തെ തിരുവനന്തപുരത്ത് നടത്തിയ ചർച്ചകളുടെ ഭാഗമായിട്ടായിരുന്നു വിദഗ്ധ സംഘം സന്ദർശനം നടത്തിയത്. കെഎസ്ഇബി ഡയറക്ടർ ജി.സജീവ്, ഡാം സേഫ്റ്റി ചീഫ് എൻജിനിയർ വി. വിനോദ്, ചീഫ് എൻജിനിയർ ബിജു രാജൻ ജോണ്, ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനിയർ എസ്. സൈന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മൂലമറ്റത്ത് ചേർന്ന ആലോചനായോഗത്തിൽ അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ ജുമൈല ബീവി, ഡെപ്യൂട്ടി ചീഫ് എൻജിനിയർ പാർവതി തുടങ്ങിയവർ പങ്കെടുത്തു.