ലോക കരാട്ടെ: മെഡൽ നേട്ടവുമായി ധന്യ ജോണ്സണ്
1338374
Tuesday, September 26, 2023 12:47 AM IST
കൊച്ചി: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി വെങ്കല മെഡല്‍ നേടി പൂവത്തുശേരി സ്വദേശിനി ധന്യ ജോണ്സണ്. 94 രാജ്യങ്ങള്‍ പങ്കെടുത്ത ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 21 പെണ്‍കുട്ടികളുടെ 55 കിലോഗ്രാം കൂമിത്തേ വിഭാഗത്തിലാണ് ധന്യയുടെ വെങ്കല നേട്ടം. എറണാകുളം ജില്ലയില്‍ നിന്നുള്ള ഏക മത്സരാര്‍ഥിയായിരുന്നു ധന്യ.
മാള സെന്റ് തെരേസാസ് കോളജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ധന്യ പൂവത്തുശേരി ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ കണ്ണമ്പുഴ വീട്ടില്‍ ജോണ്സണ് - ലിജി ദമ്പതികളുടെ മകളാണ്. എട്ടാം ക്ലാസു മുതല്‍ കരാട്ടെ അഭ്യസിക്കുന്നു. സംസ്ഥാനതല കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു തവണ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ജക്കാര്‍ത്തയില്‍ നിന്ന് ധന്യ ഇന്ന് തിരുവനന്തപുരത്തെത്തും.