മാലിന്യം തള്ളുന്നത് കണ്ടെത്താന്‍ എല്ലാ ഡിവിഷനിലും കാമറകള്‍
1588624
Tuesday, September 2, 2025 3:22 AM IST
കൊച്ചി: പൊതുയിടങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാന്‍ എല്ലാ ഡിവിഷനുകളിലും കാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്കി. നിലവില്‍ 130 ഇടങ്ങളിലാണ് കാമറകളുള്ളത്. 300 എണ്ണമാണ് ആകെ സ്ഥാപിക്കേണ്ടത്. ശേഷിക്കുന്ന കാമറകള്‍ കൂടി കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ച ഇടങ്ങളില്‍ സ്ഥാപിക്കണമെന്ന് മേയര്‍ നിര്‍ദേശം നല്കി.
നിലവില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളില്‍ അധികവും പ്രവര്‍ത്തിക്കുന്നത് സ്വകാര്യ വ്യക്തികളുടെ വീടുകളില്‍ നിന്നും കടകളില്‍ നിന്നും വൈദ്യുതി ഉപയോഗിച്ചാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കാമറകള്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്നതിന് ഇതു തടസമാകുന്നുണ്ടെന്നും നേരിട്ട് വൈദ്യുതി ലഭ്യമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കെഎസ്ഇബിയുമായി ചര്‍ച്ച നടത്താനും സെക്രട്ടറിയോട് മേയര്‍ പറഞ്ഞു. മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ പോലീസുമായി സഹകരിച്ച് സ്ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കാനും മേയര്‍ നിര്‍ദേശം നല്കി.