ഓണം വരവറിയിച്ചെത്തുന്ന ഓണപ്പൊട്ടന്
1588646
Tuesday, September 2, 2025 3:35 AM IST
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഉത്രാടം, തിരുവോണം നാളുകളില്‍ വീടുകളിലെത്തുന്ന തെയ്യമാണ് ഓണേശ്വരന് എന്ന് വിളിപ്പേരുള്ള ഓണപ്പൊട്ടന്. ഓണത്തിന്റെ വരവറിയിച്ചാണ് ഓണപ്പൊട്ടന് എത്തുന്നത്. മഹാബലിയുടെ പ്രതിരൂപമാണ് ഓണപ്പൊട്ടനെന്നും വിശ്വാസമുണ്ട്. 41 ദിവസത്തെ ചിട്ടയായ വ്രതത്തിനു ശേഷം ഉത്രാടം നാളില്‍ പുലര്‍ച്ചെ കുളിച്ച്, പിതൃക്കള്‍ക്ക് കലശം സമര്‍പ്പിച്ച് പൂജ നടത്തിയാണ് വേഷം കെട്ടുക.
രാവിലെ ആറു മുതല്‍ അനുഗ്രഹം നല്കി ഐശ്വര്യ പ്രാര്‍ഥനകളുമായി ഓണപ്പൊട്ടന് വീടുവീടാന്തരം കയറിയിറങ്ങും. പരമാവധി വീടുകളിലെത്താനായി ഒരിടത്തും നില്‍ക്കാതെ ഗ്രാമീണ വഴികളിലൂടെ വേഗത്തിലുള്ള നടപ്പാണ് ഓണപ്പൊട്ടന്റേത്. ഓണപ്പൊട്ടന് ഒരിക്കലും കാല് നിലത്ത് ഉറപ്പിക്കാതെ താളം ചവിട്ടുകയും ഓടുകയും ചെയ്യും. മണികിലുക്കിയാണ് വരവ്. വാ തുറന്ന് ഒന്നും ഉരിയാടാത്തതുകൊണ്ടാണ് ഓണപ്പൊട്ടന് എന്ന വിളിപ്പേര് ഉണ്ടായത്. വൈകുന്നേരം ഏഴിന് സ്വന്തം വീട്ടില്‍ തിരിച്ചെത്തും വരെ ആരോടും മിണ്ടാന്‍ പാടില്ലെന്നാണ് ചിട്ട.
ഓണപ്പൊട്ടന്റെ വേഷവും മനോഹരമാണ്. മനയോലയും ചായില്യവും ചേര്‍ത്ത മുഖത്തെഴുത്ത്. ചൂഡകവും ഹസ്തകടവും ചേര്‍ന്ന ആടകള്‍. തെച്ചിപ്പൂവിനാല്‍ അലങ്കരിച്ച പൊക്കമുള്ള കിരീടം. ചിത്രത്തുന്നലുള്ള ചുവന്ന പട്ടും ഉടുക്കും.
തോളില്‍ സഞ്ചിയും കൈയില്‍ ചെറിയ ഓലക്കുടയും ഉണ്ടാകും. ഒറ്റനോട്ടത്തില്‍ ഓണപ്പൊട്ടനെ വ്യത്യസ്തനാക്കുന്നത് താടിയാണ്. കമുകിന് പൂക്കുല കൊണ്ടുള്ള നീണ്ട വെള്ളത്താടി ഓണപ്പൊട്ടന് ചുണ്ടിന് മുകളിലാണ് കെട്ടുക.
അതുകൊണ്ട് മൗനിയായ ഓണപ്പൊട്ടന് ചുണ്ടനക്കിയാലും ആരും കാണില്ല. അരിയും ഓണക്കോടിയും ദക്ഷിണയും വീട്ടുകാര്‍ നല്‍കാറുണ്ട്. ചിലര്‍ ഭക്ഷണവും നല്‍കും. അരി നിറച്ച നാഴിയില്‍ നിന്ന് അല്പം അരിയെടുത്ത് പൂവും ചേര്‍ത്ത് ചൊരിഞ്ഞാണ് ഓണപ്പൊട്ടന് അനുഗ്രഹം നല്‍കുന്നത്. ഉടൻ അടുത്ത വീട്ടിലേക്കും നീങ്ങും.