ഡ്യൂട്ടിക്ക് ജാക്കറ്റ് ചോദിച്ച പോലീസുകാരന് അസഭ്യവര്‍ഷം; അന്വേഷണം പ്രഖ്യാപിച്ചു
1588645
Tuesday, September 2, 2025 3:35 AM IST
കൊച്ചി: ട്രാഫിക് ഡ്യൂട്ടിയില്‍ നില്ക്കാന് റിഫ്ലക്ടര്‍ ജാക്കറ്റ് ആവശ്യപ്പെട്ട് എസ്പിയുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ച പോലീസുകാരന് നേരെ അസഭ്യവര്‍ഷം. പോലീസുകാര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായതോടെ സംഭവത്തില്‍ ആലുവ റൂറല്‍ എസ്പി അന്വേഷണം പ്രഖ്യാപിച്ചു.
കളമശേരി എആർ ക്യാമ്പിലെ മൂന്ന് പോലീസുകാരെ പെരുമ്പാവൂരിൽ ഓണം സ്പെഷൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ട്രാഫിക് ഡ്യൂട്ടിയിലുള്ള ഇവരിൽ രണ്ട് പേർക്ക് റിഫ്ലക്ടർ ജാക്കറ്റ് ലഭിച്ചു. ജാക്കറ്റ് ലഭിക്കാതിരുന്ന പോലീസുകാരനാണ് എസ്പി ഓഫീസിലേക്ക് നേരിട്ട് വിളിച്ച് പരാതി പറഞ്ഞത്.
പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലോ ഡിവൈഎസ്പിയെയോ അറിയിക്കാതെ നേരിട്ട് വിളിച്ചതിൽ പോലീസുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് സൂചനയുണ്ട്.
രാത്രി ജോലി ചെയ്യുന്നതിന് റിഫ്ലക്ടര്‍ ജാക്കറ്റ് വേണം. തനിക്കൊപ്പമുള്ള മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ജാക്കറ്റ് കിട്ടി. ട്രാഫിക് സ്റ്റേഷനില്‍ ചോദിച്ചപ്പോള്‍ നിലവിലുള്ള രണ്ടെണ്ണം വിതരണം ചെയ്തെന്നും സാധനം ഇല്ലെന്നും പറയുന്നതായും ജാക്കറ്റ് ആവശ്യപ്പെട്ട പോലീസുകാരന് ഫോൺ സംഭാഷണത്തിൽ പറയുന്നു. ഇവിടെയല്ല ട്രാഫിക് സ്റ്റേഷനിലാണ് ചോദിക്കേണ്ടതെന്ന മറുപടി ആദ്യം എസ്പി ഓഫീസിലെ ഉദ്യോഗസ്ഥന് നല്‍കുന്നുണ്ട്.
എന്നാല്‍ ഇതിന്റെ അഥോരിറ്റി എസ്പി അല്ലേ എന്ന്, വിളിച്ച പോലീസുകാരന് ചോദിക്കുമ്പോള്‍ എടോ പറയുന്നത് അങ്ങോട്ട് കേള്‍ക്കെന്നും എസ്പി തനിക്ക് അവിടെ ജാക്കറ്റ് കൊണ്ടുവന്ന് തരുമോ എന്നുമുള്ള മോശം മറുപടി ശബ്ദസന്ദേശത്തില്‍ വ്യക്തമാണ്. ഇതോടൊപ്പം എസ്പി ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥന് അസഭ്യം പറയുന്നതും പുറത്തുവന്ന ശബ്ദരേഖയിലുണ്ട്. ഇത് ചോദ്യം ചെയ്തതോടെ എസ്പി ഓഫീസിലെ ഉദ്യോഗസ്ഥന് ഫോണ്‍ വച്ചിട്ട് പോടാ എന്നും എന്തിനാ നീ ഇത് കേള്ക്കുന്നതെന്നുമുള്ള അസഭ്യം പറയുന്നതും വ്യക്തമാണ്.താന്‍ നേരിട്ട അപമാനം സംബന്ധിച്ച് ജാക്കറ്റ് ആവശ്യപ്പെട്ട പോലീസുകാരന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം ഇട്ടതോടെയാണ് സംഭവം പുറത്തായത്.