ആലങ്ങാട് സ്കൂട്ടറിൽ മരക്കൊമ്പു വീണ് ദന്പതികൾക്ക് പരിക്ക്
1588637
Tuesday, September 2, 2025 3:35 AM IST
ആലങ്ങാട്: ആലങ്ങാട് കൃഷിഭവനു മുന്നിൽ നിൽക്കുന്ന മരത്തിന്റെ കൊന്പുകൾ റോഡിലേക്ക് ഒടിഞ്ഞുവീണു സ്കൂട്ടർ യാത്രികരായ ദന്പതികൾക്ക് പരിക്കേറ്റു. ആലങ്ങാട് പാനായിക്കുളം മില്ലുപടി പിച്ചിക്കുഴി വീട്ടിൽ നിധിൻ-മനില ദമ്പതികൾക്കാണു പരിക്കേറ്റത്.
ഇന്നലെ രാവിലെ ആലങ്ങാട് കൃഷിഭവനു മുന്നിൽവച്ചാണ് അപകടം സംഭവിച്ചത്. സ്കൂട്ടറിൽ പോകുന്നതിനിടെ മരത്തിന്റെ ഉണങ്ങിയ കൊമ്പ് വാഹനത്തിലേക്ക് ഒടിഞ്ഞുവീഴുകയും ഇവർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ടു സമീപത്തെ മതിലിൽ ഇടിക്കുകയുമായിരുന്നു. തലയ്ക്കും കൈക്കും കാലിനും പരുക്കേറ്റ ഇരുവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കൃഷിഭവനിലെത്തിയവരുടെ കാറിനു മുകളിൽ മരക്കൊമ്പുകൾ ഒടിഞ്ഞു വീണ് കാറിന്റെ ചില്ല് പൂർണമായും തകർന്നിരുന്നു.
പഞ്ചായത്ത് പരിധിയിൽ പലയിടത്തും അപകടകരമായ തരത്തിൽ മരങ്ങൾ റോഡിലേക്കു ചാഞ്ഞു നിൽക്കുന്നുണ്ടെന്ന പരാതി വ്യാപകമാണ്. എന്നിട്ടും പഞ്ചായത്തോ, പൊതുമരാമത്തു വിഭാഗമോ കാര്യമായി ഇടപെടുന്നില്ലെന്നും മരച്ചില്ലകൾ വീണ് അപകടം സംഭവിക്കുമ്പോൾ മാത്രമാണു നടപടി സ്വീകരിക്കുന്നുള്ളുവെന്ന പരാതിയും ഉണ്ട്.