എസ്പി ഓഫീസിൽനിന്ന് മോശം സംസാരം : റിപ്പോർട്ട് ഇന്ന് കൈമാറും; രണ്ടു പേർക്കെതിരെ നടപടിക്ക് സാധ്യത
1588867
Wednesday, September 3, 2025 4:13 AM IST
ആലുവ: റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് റിഫ്ളക്ടർ ജാക്കറ്റ് ലഭിക്കാനായി വിളിച്ച പോലീസുകാരനോട് അപമര്യാദയായി സംസാരിച്ചത് എസ്പിയുടെ റൈറ്ററായി ജോലി ചെയ്യുന്ന ഗ്രേഡ് എസ്ഐ ആണെന്ന് സ്പെഷൽ ബ്രാഞ്ച് പോലീസ് കണ്ടെത്തിയതായി സൂചന. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ബിജോയി ചന്ദ്രനെയാണ് എസ്പി അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.
ഫോൺ സംഭാഷണം റിക്കോർഡ് ചെയ്ത് പുറത്തുവിട്ടതിലും മോശമായി സംസാരിച്ചതിലും രണ്ട് പേർക്കുമെതിരെ നടപടിയുണ്ടാകും. കളമശേരി എആർ ക്യാമ്പിലെ പോലീസുകാരനായ വിശാഖാണ് രാത്രി ജോലിക്ക് ട്രാഫിക് ജാക്കറ്റിനായി പെരുമ്പാവൂരിൽ നിന്ന് എസ്പി ഓഫീസിലേക്ക് വിളിച്ചത്. ഫോൺ എടുത്തത് നിഷാദ് എന്ന സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനാണെങ്കിലും സമീപമുണ്ടായിരുന്ന ഗ്രേഡ് എസ്ഐ അസഭ്യപ്രയോഗം നടത്തിയതാണ് വിവാദമായത്.
ഓണത്തിരക്കിന്റെ ഭാഗമായി എല്ലാ നഗരങ്ങളിലേക്കും ഗതാഗതനിയന്ത്രണത്തിനായി കളമശേരി ക്യാമ്പിൽ നിന്നും താത്കാലിക ഡ്യൂട്ടിക്കെത്തിയ വിശാഖ് അടങ്ങുന്ന മൂന്നംഗ സംഘത്തിലെ രണ്ടുപേർക്ക് മാത്രമാണ് രാത്രി ഡ്യൂട്ടിക്ക് ജാക്കറ്റ് ലഭിച്ചത്. ഇതേതുടർന്നാണ് വിശാഖ് എസ്പി ഓഫീസിലേക്ക് വിളിച്ചത്.
ജാക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ജാക്കറ്റ് എസ്പി കൊണ്ടുവന്നു തരണോ, അത് പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിലാണ് ചോദിക്കേണ്ടതെന്ന് കോൾ അറ്റൻഡ് ചെയ്ത നിഷാദ് മറുപടി നൽകി. ഞങ്ങളുടെ അഥോറിട്ടി എസ്പിയാണല്ലോ, അതിനാലാണ് ഇങ്ങോട്ടു വിളിച്ചതെന്ന് വിശാഖ് പറയുന്നതിനിടെയാണ് നിഷാദിന്റെ സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ഉച്ചത്തിലുള്ള അസഭ്യവർഷം വിശാഖ് കേൾക്കാൻ ഇടയായത്.