ഫീസ് തർക്കം: ആശുപത്രിക്ക് കെട്ടിടം നിർമിച്ചത് ചട്ടം ലംഘിച്ചെന്ന് ലെൻസ്ഫെഡ്
1588642
Tuesday, September 2, 2025 3:35 AM IST
വൈപ്പിൻ: ആശുപത്രി കെട്ടിടത്തിനു നമ്പർ ഇടുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച വ്യക്തിക്ക് ഫീസ് നൽകുന്നതുമായി ബന്ധപ്പെട്ട് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തും ഞാറക്കൽ ആശുപത്രി സൂപ്രണ്ടും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിനിടെ ആശുപത്രി കെട്ടിടം നിർമിച്ചത് കെട്ടിട നിർമാണ ചട്ടം ലംഘിച്ചാണ് എന്ന ആരോപണവുമായി ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെന്‍സ്ഫെഡ്) രംഗത്ത്.
ഇത്തരത്തിൽ അനധികൃതമായി നിർമിച്ച പുതിയ ബ്ലോക്കിന് നിയമാനുസൃതമായി ക്രമവൽക്കരണത്തിലൂടെ ഞാറക്കൽ ഗ്രാമപഞ്ചായത്തിൽ നിന്നും കെട്ടിട നമ്പര്‍ ലഭ്യമാക്കി കൊടുത്ത ലെൻസ്ഫെഡ് അംഗം കൂടിയായ വനിതയ്ക്കാണ് ജോലിചെയ്തിട്ടും വേതനം നൽകാതെ ആശുപത്രി സൂപ്രണ്ട് ഒഴിഞ്ഞുമാറുന്നതെന്നും ലെൻസ്ഫെഡ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ ചെയ്ത ജോലിയുടെ വേതനം ലഭ്യമാക്കാൻ വേണ്ടിവന്നാൽ സമരപരിപാടികൾ ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി. ലെൻസ്ഫെഡ് വൈപ്പിൻ യൂണിറ്റ് പ്രസിഡന്റ് ജെയിംസ് കളരിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ റോക്കി, സിദ്ധിഖ്, രാധാകൃഷ്ണൻ, ഹരികൃഷ്ണ, ഫിലോമിന എന്നിവർ പ്രസംഗിച്ചു.