ഇഇസി മാര്‍ക്കറ്റ്-കീച്ചേരിപ്പടി ബൈപാസ് റോഡിന്റെ ശോച്യാവസ്ഥ: പൊതുമരാമത്ത് എന്‍ജിനീയറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി
1588636
Tuesday, September 2, 2025 3:35 AM IST
മൂവാറ്റുപുഴ: ഇഇസി മാര്‍ക്കറ്റ്-കീച്ചേരിപ്പടി ബൈപാസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി കാവുങ്കര വികസന സമിതിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് എന്‍ജിനീയറുടെ ഓഫീസിലേക്ക് ജനകീയ മാര്‍ച്ചും, ഉപരോധവും സംഘടിപ്പിച്ചു.
റോഡില്‍ കുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയും, യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിരക്കേറിയ പ്രദേശത്ത് റോഡില്‍ കുഴി രൂപപ്പെടുകയും കൂടി ചെയ്തതോടെ യാത്രക്കാര്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. വിഷയത്തില്‍ പരിഹാരം കാണാതെ പൊതുമരാമത്ത് അധികൃതരും, നഗരസഭയും പരസ്പരം പഴിചാരുന്ന പ്രവണതയാണുള്ളതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
ഉപരോധത്തെ തുടര്‍ന്ന് ഉടന്നടപടി നടപടിയെടുക്കാമെന്ന് പൊതുമരാമത്ത് എന്‍ജിനീയര്‍ ഉറപ്പു നല്കി. പരിഹാരം ഉണ്ടായില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അംഗങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സി.പി. ഫൈസല്‍, പൊതുപ്രവര്‍ത്തകരായ സാഹില്‍ മക്കാര്‍, ഷാജി തുണ്ടന്‍, എം.കെ. അബ്ദുൾ അസീസ്, സലാം എവറസ്റ്റ് എന്നിവര്‍ നേതൃത്വം നല്കി.